ഏഴുപതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പ്; കടൽ കടന്നുനേടിയ വിജയം; അഭിമാനം

1947 - 48 സീസണില്‍ ആദ്യ ഓസ്ട്രേലിയന്‍ പര്യടനം നടത്തിയ ഇന്ത്യയ്ക്ക് 71 വര്‍ഷം കാത്തിരിക്കേണ്ടിവന്നു  തലയുയര്‍ത്തി  മടങ്ങാന്‍. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമാണ് ഇന്ത്യ.  

1947‍ല്‍ ലാല അമൃനാഥിന്റെ നേതൃത്വത്തില്‍ ഡോണ്‍ ബ്രാഡ്മാന്റെ ഓസ്ട്രേലിയയെ നേരിടാനാണ് ഇന്ത്യ ആദ്യമായി എത്തുന്നത്. കംഗാരുക്കളുടെ നാട്ടില്‍ 11 പരമ്പരകളില്‍ ഒന്‍പതെണ്ണം തോറ്റപ്പോള്‍ എടുത്തുപറയാന്‍ ഇതുവരെയുണ്ടായിരുന്നത് സൗരവ് ഗാംഗുലിയും  ബിഷന്‍ സിങ് ബേദിയും സമ്മാനിച്ച രണ്ടു സമനിലകള്‍ . ഇന്ത്യന്‍ മഹാസമുദ്രം കടന്ന് ഒരിക്കല്‍ പോലും തലയുയര്‍ത്തി മടങ്ങാന്‍ ടീം ഇന്ത്യയ്ക്കായില്ല.  

2019 ഫെബ്രുവരി ഏഴിന് ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രമുഹൂര്‍ത്തമാണ്.  21 വിക്കറ്റ് നേടി  ജസ്പ്രീത് ബുംറയും 521 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും രുചിക്കൂട്ട് ചേര്‍ത്തതോടെ ഡൗണ്‍ അണ്ടറില്‍ ഇന്ത്യ വിജയം നുകര്‍ന്നു. 2009ന് ശേഷം ആദ്യമായാണ് ഏഷ്യയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും പുറത്ത് ഇന്ത്യ പരമ്പര വിജയിക്കുന്നത് .

33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ തുടര്‍ച്ചയായി മൂന്നു ടെസ്റ്റ് പരമ്പരകള്‍ തോല്‍ക്കുന്നത് . ഓസ്ട്രേലിയയും കീഴടക്കിയതോടെ ഒന്‍പത് രാജ്യങ്ങളില്‍ ടെസ്റ്റ് പരമ്പര ജയിച്ച ടീമായി ഇന്ത്യ . ഇപ്പോഴും തലകുനിക്കാതെ നില്‍ക്കുന്നത് ദക്ഷിണാഫ്രിക്ക മാത്രം .