ആ കള്ളക്കളിയുടെ ആഴം വലുത്; കൃത്രിമത്തിന് തീരുമാനം എടുത്തത് ഡ്രസിങ് റൂമില്‍

പന്തുചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്കിന് സാധ്യത.  ഇരുവര്‍ക്കുമെതിരെ ക്രിക്കറ്റ് ഒാസ്ട്രേലിയ അന്വേഷണം ആരംഭിച്ചു. പന്തില്‍ മാറ്റംവരുത്താനുള്ള നീക്കം  ആസൂത്രിതമാണെന്നതും ടീം ഒന്നാകെ പങ്കാളികളാണ് എന്നതും കള്ളക്കളിയുടെ ആഴം വര്‍ധിപ്പിക്കുന്നു.

  

പന്തില്‍ കൃത്രിമം കാട്ടാന്‍ ഡ്രസിങ് റൂമില്‍ വച്ചുതന്നെ തീരുമാനെമടുത്തിരുന്നുവെന്ന് ഒാസിസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് വ്യക്തമാക്കിയിരുന്നു. ടീമൊന്നാകെ കളിക്കളത്തില്‍ അത് നടപ്പാക്കി. കൃത്രിമം കാട്ടാന്‍ ബാന്‍ക്രോഫ്റ്റിന് പന്ത് എറിഞ്ഞു നല്‍കിയത് വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ . ബാന്‍ക്രോഫ്റ്റ് പന്ത് തിരുമ്മുന്നതിന്റെ ദൃശ്യം ടെലിവിഷന്‍ ചാനല്‍ വീണ്ടും കാണിക്കുന്നുവെന്ന് ടീമിലെ പന്ത്രണ്ടാമന്‍ പീറ്റര്‍ ഹാന്‍ഡ്സ്കോംബിനെ വോക്കി ടോക്കിയിലൂടെ പരിശീലകന്‍ ഡാരന്‍ ലേമാന്‍ അറിയിക്കുന്നു. എന്നാല്‍ ടെലിവിഷന്‍ ക്യാമറകള്‍ ഹാന്‍ഡ്സ്കോംബിനു ചുറ്റും നിരീക്ഷണം ഉറപ്പിച്ചതോടെ സന്ദേശം ബാന്‍ക്രോഫ്റ്റിന് കൈമാറാനായില്ല. 

ഒരു മല്‍സരത്തില്‍ നിന്ന് വിലക്കുമാത്രമാണ് ഐ സി സിയുടെ ശിക്ഷാനടപടിയെങ്കിലും പെരുമാറ്റച്ചട്ടലംഘനത്തിന് ആജീവനാന്ത വിലക്കാണ് ഒാസ്ട്രേലിയന്‍ ക്രിക്കറ്റ് നിയമത്തിലുള്ളത്. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ ഗുരുതര ചട്ടലംഘനമാണെന്ന് നിലപാടാണ് ഒാസ്ട്രേലിയന്‍ സര്‍ക്കാരിനും ക്രിക്കറ്റ് ഭരണസമിതിക്കും. യുവതാരം ബാന്‍ക്രോഫ്റ്റാണ് പന്തില്‍ കൃത്രിമം കാണിച്ചതെങ്കിലും മുതിര്‍ന്ന താരങ്ങളു‌ടെ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ  സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കുമെതിരെ  ക്രിക്കറ്റ് ഒാസ്ട്രേലിയ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.