സ്മിത്തിന്റെയും വാര്‍ണറുടെയും ഐ പി എല്‍ ഭാവി തുലാസിൽ

പന്തുചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും ഐ പി എല്‍ ഭാവി സംബന്ധിച്ചും  അനിശ്ചിതത്വം. ഇരുവരെയും ഐ പി എല്‍ ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന്  നീക്കിയേക്കും. ബി സി സി ഐ നിര്‍ദേശം ലഭിച്ച ശേഷമായിരിക്കും നടപടി.

സ്റ്റീവ് സ്മിത് രാജസ്ഥാന്‍ റോയല്‍സിന്റെയും  ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെയും ക്യാപ്റ്റനാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തിനിടെ പന്തില്‍ കൃതൃമം കാണിച്ചതിന് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ ഐ സി സി ഒരു മല്‍സരത്തില്‍ നിന്ന് വിലക്കിയിരുന്നു. മുതിര്‍ന്ന താരങ്ങളുടെ നിര്‍ദേശപ്രകാരമാണ് യുവതാരം കാമറണ്‍ ബാന്‍ക്രോഫ്റ്റ് പന്തുചുരണ്ടിയതെന്ന് സ്മിത് തുറന്നുസമ്മതിച്ചിരുന്നു. സ്മിത്തിനെതിരെ ഐ സി സി നടപടി സ്വീകരിച്ചതോടെയാണ് ഐ പി എല്‍ ക്യാപ്റ്റന്‍സി സംബന്ധിച്ച് പുനരാലോചന നടക്കുന്നതായി ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞത്. 

 ഐ പി എല്ലില്‍ രണ്ടുവര്‍ഷത്തെ വിലക്കിനു ശേഷം മടങ്ങിയെത്തിയ രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവ് സ്മിത്തിനെ ഇത്തവണ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയാല്‍ അജന്‍ക്യാ രഹാനെയായിരിക്കും രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുക. 2016ല്‍ ഡേവിഡ് വാര്‍ണറുടെ നായകമികവിലാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഐ പി എല്‍  ചാംപ്യന്‍മാരായത്.