ഡാന്‍സ് അറിയില്ല; ബാറ്റു ചെയ്യാനേ അറിയൂ; ‘പൂജാര’ച്ചുവട്; ടീം ഇന്ത്യയുടെ ആഘോഷ വിഡിയോ

ചരിത്രവിജയത്തിനു പിന്നാലെ ഇന്ത്യന്‍ ടീം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ നൃത്തം ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ടീമിനൊപ്പം നൃത്തച്ചുവടുകളുമായി ചേര്‍ന്നു. പരമ്പരയുടെ താരമായി തിരഞ്ഞെടുത്ത ചേതേശ്വര്‍ പൂജാരയ്ക്കായി ആയിരുന്നു ഈ നൃത്തം. ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോഴും ഗ്രൗണ്ടില്‍ നിന്ന് കയറുമ്പോഴും പൂജാരയുടെ നടപ്പ് ഒന്ന് ശ്രദ്ധിക്കണം. കാലുകള്‍ ചലിച്ചുകൊണ്ടിരിക്കും. എന്നാല്‍ കൈകള്‍ അനങ്ങില്ല. അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ടീമിന്റെ നൃത്തച്ചുവടുകള്‍. കാലുകള്‍  മാത്രം മുന്നോട്ടും പിറകോട്ടും ആട്ടിയുള്ള നൃത്തത്തില്‍ പൂജാര പാടുപെടുന്നത് കാണാമായിരുന്നു.

നാല് ടെസ്റ്റില്‍ നിന്ന് മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ 521റണ്‍സ് നേടുമ്പോള്‍ പോലും പൂജാരയ്ക്ക് ഇത്രയും വിഷമം തോന്നിക്കാണില്ല. റിഷഭ് പന്ത് ചുവടുകള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആഘോഷങ്ങള്‍ക്ക് ശേഷം ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വാര്‍ത്താസമ്മേളനം നടത്തിയപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ ഡാന്‍സിന്റെ രഹസ്യം ചോദിച്ചു. റിഷഭിനോട് ചോദിക്കൂ, അയാള്‍ ആണ് പഠിപ്പിച്ചതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. എന്നാല്‍ അത് വളരെ ലളിതമായ ചുവടുകള്‍ ആയിട്ടുപോലും പൂജാരയ്ക്ക് കളിക്കാനായില്ലെന്നും അയാള്‍ക്ക് ബാറ്റ് ചെയ്യാന്‍ മാത്രമേ അറിയൂ എന്നും ക്യാപ്റ്റന്‍ പറഞ്ഞു