ഇരട്ട സെഞ്ച്വറിക്കരികെയെത്തിയ പ്രകടനം; പൂജാരയെ കാത്തിരിക്കുന്ന പ്രതിഫലം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പ്രതിഫലമായി ചേതേശ്വർ പൂജാരയെ ബിസിസിഐ എ പ്ലസ് കരാറുള്ള താരങ്ങളുടെ പട്ടികയിലേക്ക് ഉയർത്തിയേക്കുമെന്ന് സൂചന. നിലവിൽ എ കാറ്റഗറിയിലാണ് പൂജാര ഉള്‍പ്പെട്ടിരിക്കുന്നത്. അഞ്ച് കോടിയാണ് എ കാറ്റഗറിയിലെ താരങ്ങളുടെ വാര്‍ഷിക പ്രതിഫലം. എ പ്ലസിലേക്ക് ഉയരുന്നതോടെ അത് ഏഴ് കോടിയാകും. 

നിലവിൽ ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് പൂജാര കളിക്കുന്നത്. അതിനാൽ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തുന്നത് ചർച്ച ചെയ്യാനായി സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് സമിതി വൈകാതെ യോഗം ചേരുമെന്നാണ് സൂചന. നിലവിൽ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് പുറമെ രോഹിത് ശർമ, ശിഖർ ധവാൻ, ജസ്പ്രീത് ബൂംറ, ഭുവനേശ്വർ കുമാർ എന്നിവരാണ് എ പ്ലസ് കരാറുള്ള താരങ്ങൾ. 

എന്നാൽ പൂജാരയുടെ കാര്യത്തിൽ ഇളവ് അനുവദിക്കണം എന്നാണിപ്പോൾ ഉയരുന്ന ആവശ്യം. യുവതാരങ്ങൾ ട്വന്റി–20 ക്രിക്കറ്റിനും ഐപിഎല്ലിനും പിന്നാലെ പോകാതെ ടെസ്റ്റിന് കൂടുതൽ പ്രാധാന്യം നൽകാനും ഇത് ഉപകരിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. 

ഐപിഎൽ ലേലങ്ങളിൽ പൂജാരയെ ഒരു ടീമും വാങ്ങാറില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കുന്നവര്‍ക്ക് എ പ്ലസ് കരാർ അനുവദിക്കുക എന്നതാണ് ഇതുവരെയുള്ള കീഴ്‌വഴക്കമെങ്കിലും ശിഖർ ധവാനും രോഹിത് ശർമയും സ്ഥിരമായി ടെസ്റ്റ് ടീമിൽ കളിക്കുന്നവരല്ലെന്നതും ശ്രദ്ധേയമാണ്. ഇതേ കാരണത്താൽ പൂജാരയ്ക്കും ഇളവ് അനുവദിക്കാമെന്നാണ് ബിസിസിഐ കരുതുന്നത്.