ബാലൻ ഡി ഓർ വാങ്ങാനെത്തിയ വനിതാതാരത്തെ വേദിയില്‍ അപമാനിച്ചു; രോഷം, വിവാദം

കാൽപന്തു കളിയുടെ ചരിത്രത്തിൽ തന്നെ കരിനിഴൽ വീഴ്ത്തി  ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം നേടിയ വനിതാ താരത്തെ വേദിയില്‍ അപമാനിക്കാന്‍ അവതാരകന്റെ ശ്രമം. പ്രഥമ വനിതാ ബാലന്‍ ഡി ഓര്‍ ജേതാവ് അഡാ ഹെഗെര്‍ബര്‍ഗിനോട് പുരസ്‌കാരചടങ്ങിനിടെ നിതംബം കുലുക്കി  ഡാൻസ് ചെയ്യാൻ അവതാരകന്‍ ക്ഷണിച്ചത് വൻ കോലാഹലമുണ്ടാക്കി. 

കൈലിന്‍ എംബാപ്പെക്കു വേണ്ടി ഞാൻ കുറച്ച് ആഘോഷങ്ങൾ ഒരുക്കിയത് നിങ്ങൾ കണ്ടുകാണും. അതിനോട് സാമ്യമുളളത് നമ്മൾ ഇപ്പോൾ ഇവിടെ ചെയ്യാൻ പോകുകയാണ്. നിങ്ങൾക്ക് ട്വർക്ക് ചെയ്യാൻ കഴിയുമോ? അവതാരകനായ ഡിജെ മാര്‍ട്ടിന്‍ സോല്‍വേഗ് അ‍ഡാ ഹെഗെർബർഗിനോട് ചോദിച്ചു. അവതാരകന്റെ ചോദ്യം കേട്ടതോടെ അഡാ വല്ലാതെയായി. അമ്പരപ്പും നിരാശയും ആ മുഖത്ത് നിഴലിച്ചുവെങ്കിലും അതിന് സാധിക്കില്ലെന്ന് അവർ വേദിയിൽ വച്ചു തന്നെ പറയുകയും നീരസത്തോ‌െട ഉടൻ തന്നെ വേദി വിടുകയും ചെയ്തു. 

ഫുട്ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായി ബാലൻ ഡി ഓർ പുരസ്കാരത്തിൽ മുത്തമിടുന്ന കഠിനാദ്ധ്വാനിയും മികച്ച കാൽപന്തിന്റെ കെട്ടഴിക്കുന്ന അത്ഭുത താരത്തെ വെറും ശരീരമായി മാത്രം കാണുന്ന പുരുഷ മേധാവിത്വ മനസാണ് മാർട്ടിൽ പുരസ്കാര വേദിയിൽ കാണിച്ചതെന്ന് വിമർശനം ഉയർന്നു. 

നിതംബം കുലുക്കിയുള്ള ഡാന്‍സിന് അവതാരകന്‍ ക്ഷണിച്ചത് സ്ത്രീ സ്വാതന്ത്ര്യത്തിന് മേലേയ്ക്കുള്ള കടന്നുകയറ്റമായി വിലയിരുത്തിയാണ് വിവാദം. വനിതാ താരങ്ങളെ ഇപ്പോഴും ഫുട്‌ബോള്‍ താരങ്ങളായി കണക്കാക്കാന്‍ കഴിയുന്നില്ലെന്നാണ് സംഭവം തെളിയിക്കുന്നത് എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത്. 

സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനം നേരിടേണ്ടി വന്നതോടെ അവതാരകൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. തീർച്ചയായും അതൊരു മോശം തമാശയായിരുന്നു. തർക്കമില്ല എന്നാൽ അപമാനിക്കാൻ വിചാരിച്ചിരുന്നില്ല. തീർച്ചയായും പശ്ചാത്തപിക്കുകയും അവേഹളനത്തിന് വിധേയായ താരത്തോട് ആത്മാർത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു. ഡിജെ മാര്‍ട്ടിന്‍ സോല്‍വേഗ് പറഞ്ഞു.

ആദ്യ ബാലൻ ഡി ഓർ പുരസ്കാരം ലഭിക്കുന്ന വനിതയായതിൽ അഭിമാനമുണ്ടെന്ന് അ‍ഡാ ഹെഗര്‍ബെര്‍ഗ് പറഞ്ഞു. 'ഇത് അവിശ്വസനീയമാണ്'; . ‘ഇനിയും കഠിനമായി പ്രയത്നിക്കാൻ ഇത് വലിയ പ്രചോദനം നൽകുന്നു, ഇനിയും വിജയം നേടാൻ ഞങ്ങൾ ഒരുമിച്ച് പ്രയത്നിക്കും. എനിക്ക് ലോകത്തുള്ള എന്റെ എല്ലാ കൗമാര പെൺകുട്ടികളോടും ഒന്നേ പറയാനുള്ളൂ, 'നിങ്ങൾ നിങ്ങളിൽ വിശ്വസിക്കുക';– താരം പറഞ്ഞു. 

ഒളിമ്പിക് ലിയോണിന്റെയും നോര്‍വയുടേയും മുന്നേറ്റ നിരയിലെ പ്രകടനത്തിനാണ് ഹെഗെര്‍ബെര്‍ഗിനെ മികച്ച വനിതാ താരത്തിനുള്ള ആദ്യത്തെ ബാലന്‍ ഡി ഓര്‍ തേടിയെത്തിയത്. ഹെഗര്‍ബര്‍ഗിന്റെ മികച്ച പ്രകടനം ലിയോണിനെ കഴിഞ്ഞ സീസണിലെ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ കിരീട ജേതാവാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. അതേസമയം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് മികച്ച പുരുഷ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ സ്വന്തമാക്കി. ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരവും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനും പിന്നാലെയാണ് ബാലന്‍ ഡി ഓര്‍ മോഡ്രിച്ചിനെ തേടിയെത്തുന്നത്.