ബാറ്റിങ് തുടങ്ങും മുൻപ് ഇന്ത്യയ്ക്ക് 10 റൺസ്; അമ്പരപ്പ്: നാണം കെട്ട് പാക്കിസ്ഥാൻ

പാക്കിസ്ഥാനെ ഏഴ് വിക്കറ്റിനെ കെട്ടുകെട്ടിച്ചാണ് ഇന്ത്യൻ വനിതകൾ ലോകകപ്പിൽ തങ്ങളുടെ വരവറിയിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറിക്കടക്കുകയും ചെയ്തു. അർധ സെഞ്ചുറി നേടിയ മിതാലി രാജിന്റെ കരുത്തിലായിരുന്നു ഇന്ത്യ വിജയം നേടിയത്. മത്സരത്തിനിടെ അമ്പരിപ്പിക്കുന്ന ഒരു സംഭവം നടന്നു. പാക്കിസ്ഥാനെതിരെ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുൻപ് തന്നെ ഇന്ത്യയുടെ സ്കോർ ബോർഡിൽ പത്ത് റൺസ് എത്തിയിരുന്നു. ഒരു ബോൾ പോലും എറിയുന്നതിനു മുൻപേ ഒരൊറ്റ പന്ത് നേരിടുന്നതിനു മുൻപേ തന്നെ ഇന്ത്യയ്ക്ക് പത്ത് റൺസ് ലഭിച്ചു. പിച്ചിലൂടെ പാക് കളിക്കാർ ഓടിയതിനു ലഭിച്ച ശിക്ഷയാണ് ഈ പത്തുറൺസ്.

പാക് ഇന്നിങ്ങ്സിലെ 13 ഓവറിലായിരുന്നു കളിക്കാർ നിയമം തെറ്റിച്ചത്. 18–ാം ഓവറിലും ഇന്നിങ്സിലെ അവസാന പന്തിലും ഇത് ആവർത്തിച്ചതോടെ അമ്പയർ പെനാൽറ്റിയായി ഇന്ത്യൻ ടീമിന് ആകെ 10 റൺസ് അനുവദിച്ചു. ബിസ്മ മറൂഫും നിദാ ദറുമാണ് ആദ്യം പിഴവ് വരുത്തിയത്. ഇതിന് അഞ്ച് റൺസ് പെനാൽറ്റിയായി ലഭിച്ചു. പാക് ഇന്നിങിസിലെ അവസാന പന്തിലും നാഹിദ ഖാനും സിദ്റ നവാസും റൺസ് എടുക്കുന്നതിന് പിച്ചിലൂടെ ഓടിയതിന് അഞ്ച്റൺസ് കൂടി പെനാൽറ്റിയായി അനുവദിക്കുകയായിരുന്നു. അതിനൊപ്പം തന്നെ പാക്കിസ്ഥാൻ സ്കോറിൽ നിന്ന് രണ്ട് റൺസ് വെട്ടിക്കുറച്ചു വിജയലക്ഷ്യം 133 ആയി പുനർനിശ്ചയിക്കുകയും ചെയ്തു. 

ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനും അബന്ധം പിണഞ്ഞുവെങ്കിലും പിന്നീട് ശ്രദ്ധയോട് കളിച്ചതിനാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. ഇത് ആദ്യമായല്ല പാക്കിസ്ഥാൻ താരങ്ങൾക്ക് ഇത്തരത്തിൽ പിഴ ലഭിക്കുന്നത്. ശ്രീലങ്കൻ പരമ്പരയിലും ഇത്തരത്തിൽ അബന്ധം സംഭവിച്ചിരുന്നു. ഇത്തരം പ്രൊഫഷണൽ അല്ലാത്ത കാര്യങ്ങൾ ആവർത്തിക്കുന്നതിൽ നിരാശയുണ്ടെന്നായിരുന്നു ക്യാപ്റ്റൻ ജാവേരിയ ഖാന്റെ പ്രതികരണം. 

ഐസിസിയുടെ 41.14.3 നിയമപ്രകാരം മുന്നറിയിപ്പ് നൽകിയ ശേഷവും ബാറ്റ് ചെയ്യുന്ന ടീമിൽ നിന്ന് പിച്ചിന് കേടുപാടുണ്ടാക്കുന്ന പ്രവൃത്തിയുണ്ടായാൽ അഞ്ച് പെനാൽറ്റി റൺസാണ് പിഴയായി വിധിച്ചിരിക്കുന്നത്. ഒപ്പം ഓടിയെടുത്ത ആ റൺ അനുവദിക്കാതിരിക്കുകയും ചെയ്യും.

അർധസെഞ്ചുറി നേടിയ മിതാലി രാജിന്റെ കരുത്തിലാണ് ഇന്ത്യയുടെ ജയം. ഏഴ് ബൗണ്ടറികൾ ഉൾപ്പെടെ 47 പന്തിൽ 56 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. സ്മൃതി മന്ദാന 28 പന്തിൽ 26 റണ്‍സ് നേടി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 14 റൺസെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. അർധസെഞ്ചുറി നേടിയ ബിസ്മ മറൂഫ്, നിദാ ദർ എന്നിവരുടെ കരുത്തിലാണ് പാകിസ്താൻ ഭേദപ്പെട്ട സ്കോർ നേടിയത്.