ഒരു ജയമകലെ ലോകകപ്പ് വിളിക്കുന്നു; ചരിത്ര നിമിഷത്തിനരികെ ഇന്ത്യൻ ടീം

അണ്ടർ–16 ഏഷ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്തോനേഷ്യയെ സമനിലയിൽ തളച്ച് ഇന്ത്യ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ പതിനാറു വർഷത്തിനു ശേഷം ക്വാർട്ടറിലേക്കു മുന്നേറിയത്. ഇതോടെ അടുത്ത അണ്ടർ–17 ലോകകപ്പിന് യോഗ്യത നേടാൻ ഇന്ത്യക്കിനി ഒരു ജയം മാത്രം മതി. ഏഷ്യൻ കപ്പിന്റെ സെമി ഫൈനലിലെത്തുന്ന ടീമുകൾക്ക് നേരിട്ട് ലോകകപ്പിലേക്ക് യോഗ്യത ലഭിക്കും. ഇന്തോനേഷ്യക്കു പുറകിൽ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തിയ ഇന്ത്യക്ക് ഗ്രൂപ്പ് ഡി ജേതാക്കളായ സൗത്ത് കൊറിയയാണ് ക്വാർട്ടറിലെ എതിരാളികൾ. ഒക്ടോബർ ഒന്നിനാണ് ക്വാർട്ടർ പോരാട്ടം.

കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഇറാനെ തളച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യ സമാനമായ കളി തന്നെയാണ് ഇന്നലെയും കാഴ്ച വെച്ചത്. കരുത്തരായ ഇന്തോനേഷ്യ നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും അതിനെയെല്ലാം ഇന്ത്യൻ  യുവനിര  തടയുകയായിരുന്നു. ഇരു ടീമുകൾക്കും സെമിയിലെത്താൻ ഒരു സമനില മാത്രം മതിയായിരുന്നിട്ടും അതിനു മുതിരാതെ വിജയത്തിനു വേണ്ടി കളിച്ചത് മത്സരത്തെ ആവേശത്തിലാക്കി. അവസാന മിനുട്ടുകളിൽ രണ്ടു സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ വിജയം ഇന്ത്യക്കു സ്വന്തമായേനെ. മികച്ച പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ പ്രതിരോധമാണ് മത്സരം ഇന്ത്യക്കനുകൂലമാക്കിയത്.

ഗ്രൂപ്പ് മത്സരങ്ങളിൽ ഒരു ജയവും രണ്ട് സമനിലയുമായാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. വിയറ്റ്നാമിനെയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ തോൽപിച്ചത്. ഇറാനെതിരെ സമനിലയും നേടി. യോഗ്യതാ റൗണ്ടിലെ മൂന്നുമൽസരങ്ങളിൽനിന്ന് തോൽവിയറിയാതെ അഞ്ചു പോയിന്റ് നേടിയ ഇന്ത്യ രണ്ടാംസ്ഥാനക്കാരായിയാണ് ചാംപ്യൻഷിപ്പിന് എത്തിയത്. കരുത്തരായ സൗത്ത് കൊറിയക്കെതിരെയുള്ള കടമ്പ കൂടി കടന്നാൽ ഇന്ത്യ ചരിത്ര നേട്ടമാണു സ്വന്തമാകാൻ പോകുന്നത്. നേരത്തെ ആതിഥേയരെന്ന രീതിയിൽ 2017ലെ അണ്ടർ–17 ലോകകപ്പിൽ പങ്കെടുത്തതല്ലാതെ മറ്റൊരു ഫുട്ബോൾ ലോകകപ്പിനും ഇന്ത്യ യോഗ്യത നേടിയിട്ടില്ല. 2019ൽ പെറുവിൽ വച്ചാണ് അണ്ടർ–17ലോകകപ്പ് നടക്കാനിരിക്കുന്നത്.