തകർച്ചയോടെ തുടങ്ങി; ബംഗ്ലദേശിനെ മറികടന്ന് അഫ്ഗാൻ സൂപ്പർ ഫോറില്‍

ഏഷ്യാകപ്പില്‍ ബംഗ്ലദേശിനെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ 136 റണ്‍സ് ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തിയത്. റാഷിദ് ഖാനാണ് മാന്‍ ഓഫ് ദ് മാച്ച്. 

ടോസ് നേടി ബാറ്റിങാരംഭിച്ച അഫ്ഗാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 58 റണ്‍സുമായി ഹസ്മത്തുളള ഷഹിദും 57 റണ്‍സുമായി റാഷിദ് ഖാനും 42 റണ്‍സെടുത്ത ഗുലാബ്ദിന്‍ നെയ്ബും ചേര്‍ന്ന് അഫ്ഗാന്‍ സ്കോര്‍ 255ലെത്തിച്ചു. എട്ടാം വിക്കറ്റില്‍ റാഷിദ് – നെയിബ് കൂട്ടുകെട്ട് 95 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 

ബംഗ്ലദേശിനായി അരങ്ങേറ്റം കുറിച്ച അബു ഹൈദര്‍ റോണി രണ്ടുവിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ നാലുവിക്കറ്റും നേടി. 

മറുപടി ബാറ്റിങില്‍ അഫ്ഗാന് മുന്നില്‍ ബംഗ്ലദേശ് വിറച്ചു. 43 റണ്‍സെടുക്കുന്നതിനിടെ 4 മുന്‍നിര വിക്കറ്റുകളാണ് ബംഗ്ലദേശിന് നഷ്ടമായത്. ആ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ബംഗ്ല കടുവകള്‍ക്കായില്ല. 43ാം ഓവറില്‍ 119 റണ്‍സിന് ബംഗ്ലദേശ് ഇന്നിങ്സ് അവസാനിച്ചു.  

അഫ്ഗാനിസ്ഥാനായി റാഷിദ് ഖാനും ഗുലാബ്ദിന്‍ നെയ്ബും മുജീബുര്‍ റഹ്മാനും രണ്ടു വിക്കറ്റ് വീഴ്ത്തി.