പ്രളയത്തില്‍ താരങ്ങളായ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആദരവുമായി കേരള ബ്ലാസ്റ്റേഴ്സ്

പ്രളയകാല രക്ഷാപ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ചവര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദരം. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് ഐഎസ്എല്‍ പുതിയ സീസണിലേക്കുള്ള ടിക്കറ്റുകള്‍ പുറത്തിറക്കി. 

കേരളത്തെ ആകെ പിടിച്ചുലച്ച പ്രളയത്തിന് തൊട്ടുപിന്നാലെയെത്തുന്ന ഐഎസ്എല്‍ സീസണ്‍ അതുകൊണ്ട് തന്നെ പ്രധാനമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി. പ്രളയ ദിനങ്ങളില്‍ മുന്നൂറോളം ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം എത്തിക്കാനായി. അന്ന് കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മല്‍സ്യത്തൊഴിലാളികളെ ആദരിച്ചുകൊണ്ടായിരുന്നു ടിക്കറ്റ് ലോഞ്ച്.  

മുന്‍പരിചയമില്ലാത്ത തരം അതീവ ഗുരുതര സാഹചര്യത്തെ നേരിട്ടപ്പോള്‍ മല്‍സ്യത്തൊഴിലാളികള്‍ നല്‍കിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് ജില്ലാ കലക്ടറും. അവരുടെ നേട്ടത്തെ അംഗീകരിക്കാന്‍ തയ്യാറായ ബ്ലാസ്റ്റേഴ്സിനും നന്ദി. 

199 മുതല്‍ 449 രൂപ വരെ നിരക്കില്‍ ടിക്കറ്റുകളുണ്ട്. 1249 രൂപയുടെ വിഐപി ടിക്കറ്റുകളുമുണ്ട്. ഈമാസം 29 മുതലാണ് ഐഎസ്എല്‍ മല്‍സരങ്ങള്‍. കൊച്ചിയിലെ ആദ്യമല്‍സരം ഒക്ടോബര്‍ അഞ്ചിന് മുംബൈ സിറ്റിക്ക് എതിരെയാണ്.