ജിൻസന്റെ മെഡൽ പ്രളയ കേരളത്തിന്; അഭിമാനം ഉയർത്തിയ താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം

എഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഡൽഹിയിൽ ഉജ്ജ്വല സ്വീകരണം. മലയാളി താരങ്ങളായ ജിൻസൻ ജോണ്‍സണ്‍, മുഹമ്മദ് അനസ്, പി.യു ചിത്ര എന്നിവരും സ്വീകരണം ഏറ്റുവാങ്ങി. പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് മെഡൽ സമർപ്പിക്കുന്നതായി താരങ്ങൾ പറഞ്ഞു. 

അത്‌ലറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് മെഡൽ ജേതാക്കൾക്ക് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയത്.

1500 മീറ്ററിൽ സ്വർണ്ണവും 800 മീറ്ററിൽ വെള്ളിയും നേടിയ  ജിൻസൺ മെഡലുകൾ കേരളത്തിലെ ദുരന്ത ബാധിതർക്ക് സമർപ്പിച്ചു. 400 മീറ്ററിലും 4ഗുണം 400 മീറ്റർ റിലേയിലും വെള്ളി നേടിയ മുഹമ്മദ് അനസ് സ്വർണ്ണം നഷ്ടമായത്തിലുള്ള നിരാശ മറിച്ചുവച്ചില്ല.

1500 മീറ്ററിൽ വെങ്കലം നേടിയ പിയു ചിത്ര മത്സരം കടുത്തതായിരുന്നുവെന്ന്  വിലയിരുത്തി. അടുത്ത ചാമ്പ്യൻഷിപ്പിനൊരുങ്ങാൻ പട്യാല ക്യാമ്പിൽ തുടരാനാണ് തീരുമാനം. ട്രിപ്പിൾ ജംബിൽ സ്വർണ്ണം നേടിയ അർപീന്ദർ സിങ്ങും  സ്വീകരണം ഏറ്റുവാങ്ങി. മറ്റു താരങ്ങൾ തിങ്കളാഴ്ച ഡൽഹിയിൽ എത്തും.