കളിമുടക്കി കുഞ്ഞാരാധകൻ കളത്തിൽ; ചേർത്തുനിർത്തി സലാ: കയ്യടി

കളിക്കളത്തിലെ മാന്ത്രികനാണെങ്കിലും ആരാധകരുടെ താരമാണ് കളിക്കളത്തിലെ ഫറവോ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന മുഹമ്മദ് സലാ. ലോകകപ്പ് മത്സരങ്ങൾക്കു ശേഷം ഈജിപ്തിലെത്തിയ സലായുടെ വസതിയിൽ നേരിട്ടെത്തിയാണ് ആരാധകർ സ്നേഹപ്രകടനം നടത്തിയത്. പൊലീസെത്തിയാണ് സലായുടെ വീടിനു മുന്നിൽ തടിച്ചുകൂടിയ ആരാധകരെ പിരിച്ചു വിട്ടത്. സലാ താമസിക്കുന്ന സ്ഥലം ഏതെന്ന് ഇന്നലെ ഒരു ആരാധകന്‍ സോഷ്യല്‍ മീഡീയയില്‍ ഫോട്ടോ സഹിതം വെളിപ്പെടുത്തിയതോടെയാണ് താരത്തിന് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്.

ആരാധകരോട് അങ്ങേയറ്റം മാന്യതയോടും ഭവ്യതയോടുമാണ് സലാ എപ്പോഴും പെരുമാറുന്നതും. സീസൺ പ്രീമിയർ ലീഗിൽ കളിക്കിടെ താരത്തിനു നേരെ പാഞ്ഞടുത്ത കുഞ്ഞു ആരാധകരനെ നെഞ്ചോടു ചേർത്താണ് സലാ വീണ്ടും വാർത്തകളിൽ ഇടം നേടിയത്. എൺപതാം മിനുട്ടിൽ തനിക്കു നേരെ ഓടിയടുത്ത കുട്ടിയെ ഒരു പരാതിയുമില്ലാതെ സ്വീകരിച്ച് താരം ചേർത്തു പിടിക്കുകയായിരുന്നു. അതിനു ശേഷം കുഞ്ഞാരാധകനോട് ഈജിപ്ഷ്യൻ താരം കുശലം പറയുകയും ടച്ച്‌ലൈൻ വരെ കൊണ്ടു ചെന്നാക്കുകയും ചെയ്തു.

ഈ സീസണിൽ ലിവർപൂളിനു വേണ്ടി പത്തൊൻപതാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ നേടി സലാ സകല വിമർശനങ്ങൾക്കും മറുപടി നൽകിയിരുന്നു, എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ തകർത്തത്. സലായെ ഒരു നോക്കുകാണാൻ മൈതാനത്തിലേയ്ക്ക് ഓടിയെത്തിയ ബാലനും സ്നേഹപൂർവ്വം ചേർത്തു നിർത്തിയ സലായും മത്സരത്തിലെ ഹൃദ്യമായ കാഴ്ചയായി. ആരാധകരോട് മറയില്ലാതെ പെരുമാറാനുളള മനസാണ് സലായെ താരമാക്കുന്നതും.