കുഞ്ഞാരാധകർക്ക് അപൂർവ്വരോഗം; 50 ലക്ഷം നൽകി ബ്രസീലീയൻ താരം: കയ്യടി

ലൂയിസ് സുവാരസ്. കരിം ബെൻസാമേ, റോബർട്ട് ലവെൻഡോസ്കി, മുഹമ്മദ് സാലാ, ഹാരി കെയ്ൻ, ലോകഫുട്ബോളിലെ മികച്ച സ്ട്രൈക്കർമാരുടെ കൂട്ടത്തിൽ വാഴ്ത്തപ്പെടാത്ത താരമാണ് അയാൾ ലിവർപൂളിന്റെ ബ്രസീലിയൻ ഗോളടി മെഷിൻ റോബർട്ടോ ഫിർമിനോ. കയ്യടക്കത്തിന്റെയും കളം നിറഞ്ഞ് മികച്ച ഫുട്ബോൾ പുറത്തെടുക്കുന്നതിൽ ഇവരെയെല്ലാം പിന്നിലാക്കുന്ന ആ പ്രതിഭ മനുഷ്യത്വത്തിന്റെ കാര്യത്തിലും താൻ ഏറെ മുന്നിലാണെന്ന് പ്രഖ്യാപിക്കുകയാണ്. 

അപൂർവ്വ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന രണ്ടു കുഞ്ഞാരാധകരുടെ ചികിത്സക്കു വേണ്ടിയുള്ള പണം മുടക്കിയാണ് ബ്രസീലിയൻ താരം ആരാധകരുടെ ഇഷ്ടം പിടിച്ചു വാങ്ങിയത്.  സ്പൈനൽ മസ്കുലർ അസ്ട്രോഫിയെന്ന അപൂർവ്വ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന സഹോദരങ്ങളായ ജോവ ഡെ അമോറിം, മിഗ്വൽ ഡെ അമോറിം എന്നീ ബ്രസീലിയൻ ആരാധകർക്കു വേണ്ടിയാണ് ലിവർപൂൾ സ്ട്രൈക്കർ അറുപതിനായിരം പൗണ്ട് (അൻപത്തിനാലു ലക്ഷം രൂപ) സംഭാവനയായി നൽകിയത്. താരവും താരത്തിന്റെ ഭാര്യയും ചേർന്നാണ് ഇത്രയും തുക ജീവകാരുണ്യ പ്രവർത്തനത്തിനായി നൽകിയത്. 

രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിൽ ചികിത്സയ്ക്കുളള സഹായം അഭ്യർത്ഥിച്ച് എത്തിയത് ശ്രദ്ധയിൽപ്പെട്ട ഫിർമിനോ കുഞ്ഞ് ആരാധകർക്കായി സഹായഹസ്തം നീട്ടുകയായിരുന്നു. കുട്ടികളും കുടുംബവും ഫിർമിനോയുടെ ജേഴ്സി ധരിച്ച് നന്ദിപ്രകടനം നടത്തിയതും ഹൃദ്യമായി.  2015 ൽ ലിവർപൂളിലെത്തിയ ബ്രസീലിയൻ താരം ലിവർപൂളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്.