ധോണിക്കും റെയ്നയ്ക്കും പകരക്കാരുണ്ട്; രൂക്ഷ വിമർശനവുമായി ഗാംഗുലി

ഇംഗ്ലണ്ടിന് ഏകദിന പരമ്പര അടിയറ വച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമർശനവുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. എം.എസ്. ധോണിയും സുരേഷ് റെയ്നയമാണ് ദാദയുടെ രൂക്ഷ വിമർശനത്തിനിരയായത്.  . മുതിർന്ന കളിക്കാരായ ധോണിയും റെയ്നയും അവസരത്തിനൊത്ത് ഉയരുന്നില്ലെന്നും ഈസ്ഥാനത്തു കളിക്കാൻ വേറെ മികച്ച കളിക്കാരുണ്ടെന്നും ഗാംഗുലി തുറന്നടിച്ചു. മികച്ച ബാറ്റ്സ്മാന്മാരായ കെ.എൽ. രാഹുലിനെയും അജിൻക്യ രഹാനെയെയും വേണ്ടവിധം ടീം ഉപയോഗിക്കുന്നില്ലെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ആദ്യത്തേത് അനായാസം ജയിച്ച ഇന്ത്യ പിന്നീടു രണ്ടെണ്ണം കൈവിട്ടുകളയുകയായിരുന്നു. കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ രഹാനെയെയും മികച്ച ഫോമിലായിരുന്ന രാഹുലിനെയും ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെ ഗാംഗുലി ശക്തമായ ഭാഷയിൽ വിമർശിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 50 ഓവറിൽ എട്ടുവിക്കറ്റിന് 256 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണർ രോഹിത് ശർമ രണ്ടു റൺസിൽ പുറത്തായതോടെ താളം തെറ്റിയ ഇന്ത്യയ്ക്ക് പിന്നീട് മികച്ച സ്കോറിലേക്കു കുതിക്കാനായില്ല. കോഹ്‌ലിയും (71), ധവാനും (44 റൺഔട്ട്), ധോണിയും (42) ഭേദപ്പെട്ട പ്രകടനം നടത്തിയെന്നു പറയാമെങ്കിലും ഗുണമുണ്ടായില്ല. റെയ്ന ഒരു റണ്ണാണ് എടുത്തത്. വിജയലക്ഷ്യം 44.3 ഓവറിൽ ഇംഗ്ലണ്ട് രണ്ടുവിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയും ചെയ്തു.

ഇന്ത്യ ഇപ്പോഴും ആദ്യ മൂന്നു ബാറ്റ്സ്മാന്മാരെ അമിതമായി ആശ്രയിക്കുകയാണ്. ധവാൻ, രോഹിത്, കോഹ്‌ലി എന്നിവരെ പരാമർശിച്ച് ഗാംഗുലി പറഞ്ഞു. ഇവരിലാരെങ്കിലും പരാജയപ്പെട്ടാൽ ടീമൊന്നാകെ തോൽക്കുന്ന സ്ഥിതിയാണ്. എന്നാൽ, ഇംഗ്ലണ്ടിനെപ്പോലെ സ്ഥിരതയുള്ള ടീമിനെ കളിക്കിറക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. – കളിക്കു ശേഷമുള്ള ടെലിവിഷൻ വിശകലനത്തിൽ ഗാംഗുലി പറഞ്ഞു. 

നാലാം നമ്പരിൽ കണ്ണുമടച്ച് രാഹുലിനെ കളിപ്പിക്കാം. അടുത്ത 15 കളികളിലേക്ക് രാഹുലിനെ ഒന്നുമാലോചിക്കാതെ ആ ചുമതലയേൽപിക്കാം. അഞ്ചാം നമ്പരിൽ രഹാനെയാണു വരേണ്ടത്. ആറാമതായി ധോണിയോ ദിനേഷ് കാർത്തിക്കോ എന്നത് ആലോചിക്കണം. ഏഴാം നമ്പരിൽ ഹാർദിക് പാണ്ഡ്യയെയും ഇറക്കാം. 

രാഹുൽ, രഹാനെ എന്നീ മികച്ച കളിക്കാർക്ക് വേണ്ടത്ര അവസരം നൽകുന്നില്ല. ഇതൊട്ടും ശരിയായ നടപടിയല്ല. ടീം മാനേജ്മെന്റ് ഇക്കാര്യത്തിൽ കർശന നിലപാടു സ്വീകരിക്കണം. ദക്ഷിണാഫ്രിക്കയിൽ കോഹ്‌ലി മൂന്നു സെഞ്ചുറി നേടിയതു കൊണ്ട് ടീം രക്ഷപ്പെട്ടു. കോഹ്‌ലി സെഞ്ചുറിയടിക്കുന്നില്ലെങ്കിൽ ഇന്ത്യ തോൽക്കുമെന്ന സ്ഥിതി ദയനീയമാണ് – ഗാംഗുലി പറഞ്ഞു. 

ധോണി കഴിഞ്ഞ ഒരു വർഷമായി മങ്ങിക്കളിക്കുന്നു. റെയ്നയുടെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ടു കളിക്കാരും ഫോമിലേക്കു തിരിച്ചെത്തണം. ഈ സ്ഥാനത്തു കളിക്കാൻ മികച്ച ഒട്ടേറെപ്പേർ അവസരം കാത്തിരിക്കുന്നു. ടീം ഇന്ത്യ മുന്നോട്ടാണു നോക്കേണ്ടത്– ഗാംഗുലി തുറന്നടിച്ചു.