പരിശീലകരിലെ ‘കറുത്ത’ കുതിര; കാളയെപ്പോലെ പണിയെടുപ്പിക്കും; ഇതാണ് സിസെ

കറുത്ത് നീണ്ട് മെലിഞ്ഞരൂപം, ആ രൂപത്തിന് ചേരാത്ത കട്ടികണ്ണട. റൂഡ് ഗുള്ളിറ്റിനെ ഓര്‍‌പ്പെടുത്തുന്ന ഹെയര്‍ സ്റ്റൈല്‍, ലക്ഷ്മണരേഖ കടക്കാതെ ശാസനയും തിരുത്തും. റഷ്യയിലെ ഫുട്ബോള്‍ മൈതാനത്തിന്റെ അതിര്‍വരമ്പിനും ടീം ബഞ്ചിനും ഇടയില്‍ നില്‍ക്കുന്ന ഈ വ്യക്തിയാണ് അലിയു സിസെ – സെനഗല്‍ പരിശീലകന്‍. റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ കറുത്തവര്‍ഗക്കാരനായ ഏക കോച്ച്, ഈ ലോകകപ്പിലെ  പ്രായംകുഞ്ഞ പരിശീലകനും മറ്റാരുമല്ല. ടീം ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നതിനു മുന്‍പേ ഫുട്ബോള്‍ ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. 

കറുത്തവര്‍ഗക്കാര്‍ പരിശീലകരാകണം

ലോകകപ്പ് വേദിയില്‍ കൂടുതല്‍ കറുത്തവര്‍ഗക്കാരായ പരിശീലകര്‍ കടന്നുവരണം എന്നാണ് സിസെ ആദ്യമല്‍സരങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞ്. ലോകത്തിലെ വിവിധ ലീഗുകളിലും ലോകകപ്പിനെത്തിയ മിക്ക ടീമുകളിലും കറുത്തവര്‍ഗക്കാര്‍ നിറഞ്ഞു കളിക്കുന്നുണ്ട്. അതുമാത്രം പോരാ, പരിശീലക രംഗത്തും മാറ്റം വരണം. ആഫ്രിക്കയില്‍ നിന്ന് കൂടുതല്‍ പരിശീലകര്‍ ഫുട്ബോളിലേക്ക് കടന്നുവരണമെന്നും സിസെ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ അവരുടെ ലീഗുകളില്‍ പ്രാദേശിക പരിശീലകരെ കൂടുതലായി നിയമിക്കണമെന്നും സിസെ പറഞ്ഞുവച്ചു. 32 രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ലോകവേദിയില്‍ ഒരേ ഒരു ടീമിനാണ് ആഫ്രിക്കന്‍ പരിശീലകനുള്ളത്. സെനഗലിന്റെ 42കാരനായ അലിയൂ സിസെയാണ് പ്രായംകുറഞ്ഞ പരിശീലകന്‍.

ആരാണ് അലിയൂ സിസെ..?

2002ലെ ലോകകപ്പില്‍ സെനഗലിനെ നയിച്ചെത്തിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ് അലിയൂ സിസെ. അന്ന്  ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായി എത്തിയ ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് സിസെയുടെ ടീം ചരിത്രക്കുതിപ്പ് നടത്തി. ക്വാര്‍ട്ടറിലെത്തിയാണ് ആ പോരാട്ടം അവസാനിച്ചത്. സെനഗലിനായി 1999മുതല്‍ 2005വരെ കളിച്ചു. ഗോളൊന്നും നേടിയില്ല. പ്രീമിയര്‍ ലീഗിലെ വിവിധ ടീമുകള്‍ക്കായി കളിച്ച സിസെ പിന്നീട് സെനഗല്‍ ടീമിന്റെ പരിശീലക കുപ്പായത്തിലേക്ക് ചേക്കേറി. ആദ്യം പരിശീലിപ്പിച്ച അണ്ടര്‍ 23 ടീമിനെ 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ ക്വാര്‍ട്ടര്‍വരെയെത്തിച്ചു. 

കാളയെപ്പോലെ പണിയെടുപ്പിക്കും

2015ല്‍ സെനഗല്‍ ദേശീയ ടീമിന്റെ പരിശീലകനായതുമുതല്‍ സിസെ ടീമിനെ പ്രതിരോധത്തില്‍ ഊന്നിയാണ് പരിശീലിപ്പിക്കുന്നത്. കാളയെപ്പോലെ പണിെയടുപ്പിക്കുമെന്ന് സെനഗല്‍ താരങ്ങള്‍ പറയുന്നു. പ്രതിരോധത്തിലും മധ്യനിരയിലും നില്‍ക്കുന്നവര്‍ക്കാണ് കൂടുതല്‍‌ പണി. ആക്രമണത്തിന് വലിയ പ്രാധാന്യം സിസെ കൊടുക്കുന്നില്ല. 

പ്രതിരോധത്തില്‍ നിന്നും മധ്യനിരയില്‍ നിന്നും എത്തുന്ന ലോങ് ബോളുകള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം. പോളണ്ടിനെ അട്ടിമറിച്ചത് സിസെയുടെ തന്ത്രത്തില്‍ ഊന്നിത്തന്നെ. 4..3..3എന്ന ശൈലിയാണ് സിസെക്ക് ഇഷ്ടം. ചിലപ്പോള്‍ അത് 4.2.3..1 എന്ന രീതിയിലേക്കും മാറ്റും. എന്നാല്‍ പതിവ് തന്ത്രം മാറ്റിപ്പിടിക്കാന്‍ സിസെ ശ്രമിക്കാറില്ലെന്നതാണ് പരിശീലകന്‍ എന്ന നിലയിലെ ദൗര്‍ബല്യം.