2006 മുതൽ അവരെന്റെ തലയ്ക്കകത്തുണ്ട്; ദീപികയോടുളള ഇഷ്ടം തുറന്നു പറഞ്ഞ് ബ്രാവോ

ഇന്ത്യയില്‍ ആരാധകരേറെയുള്ള താരമാണ് ഡ്വെയ്ന്‍ ബ്രാവോ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാണ് ഈ വെസ്റ്റിന്‍ഡീസ് താരം. ക്രിക്കറ്റും നൃത്തവും റാപ്പ് മ്യൂസിക്കും എല്ലാം ബ്രാവോക്ക് വഴങ്ങും. ഇപ്പോഴിതാ ബോളിവുഡ് താരം ദീപിക പദുക്കോണിനോടുള്ള ആരാധനയെക്കുറിച്ച് തുറന്നുപറയുകയാണ് ബ്രാവോ. സഹതാരം ഹര്‍ഭജന്‍ സിങ്ങിനൊപ്പമുള്ള പരിപാടിക്കിടെയാണ് ബ്രാവോ മനസ്സുതുറന്നത്.

ഇഷ്ടനടിയെക്കുറിച്ച് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ബ്രാവോക്കുള്ളൂ. 'ദീപിക പദുക്കോണ്‍'. വെറും ഇഷ്ടമല്ല ബ്രാവോക്ക് ദീപികയോടുള്ളത്. താരത്തിന്‍റെ കടുത്ത ആരാധകനാണ് ബ്രാവോ. ദീപികയെ നേരിട്ടുകണ്ട് സംസാരിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്നും ബ്രാവോ പറയുന്നു. 

''2006ല്‍ ചാംപ്യന്‍സ് ട്രോഫി മത്സരത്തിനിടെ ഇന്ത്യയിലെത്തിയപ്പോഴാണ് ദീപികയെ ആദ്യമായി കാണുന്നത്. ഹോട്ടലിലെത്തി ടിവി തുറന്നപ്പോള്‍ ഒരു സോപ്പിന്റെ പരസ്യത്തില്‍ ദീപിക. അന്ന് മുതല്‍ ദീപികയുടെ ചിത്രം മനസ്സിലുണ്ട് '', ബ്രാവോ പറയുന്നു.

ദീപികയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതുകേട്ട ഹര്‍ഭജന്‍‌ തിരിച്ചൊരു ചോദ്യം ചോദിച്ചു. '' വെസ്റ്റിന്‍ഡീസില്‍ ദീപികമാരെ കണ്ടിട്ടില്ലേ''? ബ്രാവോയുടെ മറുപടിയെത്തി. ''ഒരൊറ്റ ദീപികയേ ഉള്ളൂ, വേറൊരു ദീപികയെ കണ്ടെത്താനാകില്ല''.  ഷാരൂഖ് ഖാന്‍ ആണ് ബ്രാവോയുടെ ഇഷ്ടനടന്‍. ‍