കളിമികവിന്റെ 'ഫറവോ'യ്ക്ക് ബ്രിട്ടന്റെ ആദരം; സലായുടെ മാന്ത്രിക ബൂട്ടുകൾ ഇനി പ്രദർശനത്തിന്

'ഈജിപ്തിലെ രാജാവ്'. മുഹമ്മദ് സലായ്ക്ക് ലിവർപൂൾ ആരാധകർ നൽകിയ വിളിപ്പേരാണിത്. കളിമികവിന് ആരാധകർ രാജാവെന്ന് വിളിച്ചപ്പോൾ മറ്റൊരംഗീകാരമാണ് ബ്രിട്ടീഷ് മ്യൂസിയം നൽകിയത്. . സലായുടെ മാന്ത്രികബൂട്ടുകൾ ലണ്ടനിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ആദരം. 

ബ്രിട്ടീഷ് മ്യൂസിയത്തിലെ ഈജിപ്ത് വിഭാഗ കളക്ഷനില്‍ ഫറവോ പ്രതിമകൾക്കിടയിലാണ് സലായുടെ ബൂട്ടുകൾ ഇടം പിടിച്ചത്. 32 ഗോൾ എന്ന റെക്കോർഡ് നേട്ടമാണ് സലായെ ഗോൾഡൻ ബൂട്ടിനർഹനാക്കിയത്. 36 മത്സരങ്ങളിൽ നിന്നാണ് സലായുടെ നേട്ടം. 38 മത്സരങ്ങളിൽ നിന്ന് 31 ഗോൾ എന്ന അലന്‍ ഷിയർ, ക്രിസ്ത്യാനോ റൊണാൾഡോ, ലൂയീസ് സുവരാസ് എന്നിവരുടെ റെക്കോർഡാണ് സലാ ലിവർപൂളിലെ അരങ്ങേറ്റസീസണിൽ തന്നെ മറികടന്നത്. അഡിഡാസ് ആണ് ഇളംപച്ച നിറമുള്ള ബൂട്ടുകൾ സലായ്ക്ക് നൽകിയത്. 

25കാരനായ സലായുടെ കരുത്തിലാണ് ലിവർപൂൾ ചാംപ്യൻസ് ലീഗ് ഫൈനലിലെത്തിയത്. റയൽ മാഡ്രിഡ് ആണ് എതിരാളികള്‍. ഫൈനൽ കഴിയുംവരെ ബൂട്ടുകളുടെ പ്രദർശനം തുടരും. റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ഈജിപ്ത് യോഗ്യത നേടിയതും സലായുടെ മികവില്‍ തന്നെ.