ഗോൾഡ്കോസ്റ്റിൽ പൊന്നുവാരി ഇന്ത്യ; സ്വര്‍ണനേട്ടം ‘സില്‍വര്‍ ജൂബിലി’

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം ദിനം പൊന്നുവാരി ഇന്ത്യ. ബോക്സിങ്ങില്‍ മേരി കോമും വികാസ് കൃഷ്ണനും ഗൗരവ് സോളങ്കിയും സ്വര്‍ണം നേടി. ടേബിള്‍ ടെന്നിസ് വനിത സിംഗിള്‍സില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ പൊന്നണിഞ്ഞു. ഷൂട്ടിങ്ങില്‍ സഞ്ജീവ് രാജ്പൂതും ജാവലിന്‍ ത്രോയില്‍ നീരജ് കൃഷ്ണനും  ഒന്നാമതെത്തിയതോടെ  ഗെയിംസ് അവസാനിക്കാൻ ഒരു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 25 ആയി. 

പ്രായം തലകുനിക്കും മേരി കോമിന്റെ പഞ്ചുകള്‍ക്ക് മുന്‍പില്‍. വാരിക്കൂട്ടിയമെഡലുകള്‍ക്കിടയില്‍  കോമണ്‍വെല്‍ത്ത് മെഡലിന്റെ കുറവ് ഗോള്‍ഡ് കോസ്റ്റില്‍ മേരി തീര്‍ത്തു. ടേബിള്‍ ടെന്നിസ് വനിത സിംഗിള്‍സില്‍ മാനിക ബാദ്രയും സ്വര്‍ണമെഡല്‍ നേടി. ഗെയിംസില്‍ മാനിക നേടുന്ന മൂന്നാം മെഡലാണിത് . ടീമിനത്തില്‍ സ്വര്‍ണവും ഡബിള്‍സില്‍ വെള്ളിയും 23 വയസുകാരി സ്വന്തമാക്കിയിരുന്നു . ബോക്സിങ് 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കിയും  75 കിലോ വിഭാഗത്തില്‍ വികാസ്  കൃഷ്ണനും സ്വര്‍ണം നേടി.  

ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്രയും പൊന്നിണിഞ്ഞു. 50 കിലോ ഫ്രീസ്റ്റൈല്‍ നോര്‍ഡിക്കില്‍ വിനേഷ് ഫൊഗാട്ട് ഗോദയില്‍ നിന്ന് മറ്റൊരു സ്വര്‍ണം കൂടി സമ്മാനിച്ചു . സ്ക്വാഷ് മിക്സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ദിപിക പള്ളിക്കല്‍ – സൗരവ് ഘോഷാല്‍ സഖ്യം ഫൈനലില്‍ ഒാസ്ട്രേലിയയോട് തോറ്റു. പുരുഷ വനിത ഹോക്കിയിലും ഇന്ത്യ വെങ്കലമെഡലിനായുള്ള മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റു.