മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം പയ്യാമ്പ്ര വോളി ഫ്രണ്ട്സ് സെന്ററിന്

മനോരമ സ്പോർട്സ് ക്ലബ് 2017  പുരസ്കാരം കോഴിക്കോട് കുന്നമംഗലം പയ്യാമ്പ്ര വോളി ഫ്രണ്ട്സ് സെന്ററിന്. രണ്ടാം സ്ഥാനത്തിനു പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയും മൂന്നാം സ്ഥാനത്തിനു തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷനും അർഹരായി. വിദഗ്ധ സമിതി നേരിട്ട് ചെന്നു നടത്തിയ വിലയിരുത്തലിലാണ് ജേതാക്കളെ നിർണയിച്ചത്.  

വോളിബോൾ ലഹരിയുടെ വലയ്ക്കുള്ളിൽ ഒരു നാടിനെ കുരുക്കിയുണർത്തിയ പയംബ്ര വോളി ഫ്രണ്ടസ് സെന്ററിന് മനോരമ ക്ലബ് അവാർഡും 3 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 2004ൽ ആരംഭിച്ച ക്ലബിന് ഇതിനോടകം  ഒട്ടേറെ ദേശീയ തരങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞു. ബാഹ്യ സഹായങ്ങൾ ഇല്ലാതെ അംഗങ്ങളുടെ കൂട്ടായ്മയിലാണ് ക്ലബ്ബിന്റെ വളർച്ച എന്നും വിദഗ്ദ്ധ സമിതി വിലയിരുത്തി.

 വ്യത്യസ്ത കായിക ഇനങ്ങളിൽ മികവോടെ പരിശീലനം നൽകുന്ന പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്ക്ട്രോഫിയും 2 ലക്ഷം രൂപയും  ആണ് ലഭിക്കുന്നത്. ഫുട്ബോൾ പരിശീലനത്തിനൊപ്പം കായിക താരങ്ങൾക്ക് ചികിൽസയും ലഭ്യമാക്കുന്ന തൊടുപുഴ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫെയർ അസോസിയേഷൻ മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും ഒരു ലക്ഷം രൂപയും സമ്മാനമായി ഏറ്റുവാങ്ങും. അടുത്ത ആഴ്ച്ച കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ആണ് പുരസ്‌കാര വിതരണം.