സിക്സർ രാജാവ് ഇനി യുവരാജല്ല; നെറുകയില്‍ 'ഹിറ്റ്മാൻ'

നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റിലെ അഞ്ചാം മത്സരത്തില്‍ തകർപ്പൻ പ്രകടനമായിരുന്നു രോഹിത് ശർമ്മയുടേത്. തലങ്ങും വിലങ്ങും കൂറ്റൻ അടികളുമായി ഹിറ്റ്മാൻ കളം നിറഞ്ഞപ്പോൾ ബംഗ്ലാദേശ് കടുവകൾക്ക് കീഴടങ്ങുകയല്ലാതെ മറ്റു നിർവാഹമില്ലായിരുന്നു. രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനത്തിൽ കടപുഴുകിയത് ഇന്ത്യൻ ക്രിക്കറ്റിലെ അതികായന്റെ റെക്കോർഡ്. 

ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോർഡ് രോഹിത്ത് തന്റെ പേരില്‍ കുറിച്ചു, മറി കടന്നത് യുവരാജ് സിങിനെ 75 സിക്‌സാണ് രോഹിത് ഇത് വരെ അടിച്ചുകൂട്ടിയത്. യുവരാജിന്റെ 74 എന്ന റെക്കോര്‍ഡാണ്  രോഹിത് സ്വന്തം പേരില്‍ തിരുത്തി കുറിച്ചത്. 54 സിക്‌സുകളുമായി സുരേഷ് റെയ്‌ന മൂന്നാമതും 46 സിക്‌സ് അടിച്ച ധോനി നാലാം സ്ഥാനത്തുമാണ്. റെക്കോർഡുകൾ പൂ പറിക്കുന്ന ലാഘവത്തോടെ തിരുത്തിക്കുറിക്കുന്ന ഇന്ത്യയുടെ റൺമെഷീൻ വിരാട് കോഹ്‌ലി 41 സിക്സുകളുമായി അഞ്ചാം സ്ഥാനത്താണ്. 

ഒരിന്നിങ്‌സില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സടിച്ച താരവും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച താരവും രോഹിത് തന്നെയാണ്. ഒരിന്നിങ്‌സില്‍ പത്ത് സിക്‌സടിച്ച രോഹിത് 2017 കലണ്ടര്‍ വര്‍ഷത്തില്‍ 64 സിക്‌സാണ് നേടിയത്. നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റിലെ അഞ്ചാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു.മുഷ്ഫികുര്‍ റഹീമിന്റെ ഒറ്റയാള്‍ പോരാട്ടത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ വിജയം.175 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍ എടുക്കാനെ ആയുള്ളു.