കുതിച്ചെത്തുന്നവരെ അരിഞ്ഞിടാന്‍ നീലപ്പടയില്ല; റഷ്യയിലില്ലാത്ത ഇറ്റലി

പ്രതിരോധക്കോട്ടയിലെ കാവല്‍ഭടന്‍ ഇല്ലാതെയാണ് ഇത്തവണ റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുക. നീലക്കുപ്പായത്തില്‍ മിലാനിലെ ഫാഷന്‍ പരേഡിനെ അനുസ്മരിപ്പിച്ച് മൈതാനത്ത് പടര്‍ന്നുകയറുന്ന ഇറ്റലി ഇത്തവണ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനല്‍റൗണ്ടിനില്ല. യോഗ്യതാറൗണ്ടില്‍ കടമ്പതട്ടി വീണപ്പോള്‍ ലഭിച്ച പ്ലേ ഓഫില്‍ സ്വീഡനു മുന്നില്‍ കാലുതെറ്റി വീണു ഇറ്റലി. 

60 വര്‍ഷത്തിനു മുന്‍പാണ് ഇറ്റലിക്ക് ഇതുപോലൊരു തിരിച്ചടി നേരിട്ടത്. 1958നുശേഷം ഇറ്റലിയില്ലാത്ത ലോകകപ്പ് ഇതാദ്യം. കരിങ്കല്‍ഭിത്തിപോലെ പ്രതിരോധം തീര്‍ക്കുന്ന ഇറ്റലിയുടെ ഫുട്ബോള്‍ ആരാധകര്‍ക്ക് അധികം ആവേശം നല്‍കുന്നതല്ല. എന്നാല്‍ എതിരാളികള്‍ ആക്രമിക്കാന്‍ ഒഴുകിയെത്തുമ്പോള്‍ അസൂറിപ്പട തീര്‍ക്കുന്ന പ്രതിരോധത്തിന് ഒരു സൗന്ദര്യമുണ്ട്. പൗളോ മള്‍ഡീനിയും റോബര്‍ട്ടോ ബാജിയോയും ക്രിസ്റ്റ്യന്‍ വിയേരിയും ഫാബിയോ കന്നവാരോയും അന്ദ്രെ നെസ്റ്റയും ബഫണും തീര്‍ത്ത ആരവങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ലോക ഫുട്ബോള്‍ പലവട്ടം ആര്‍പ്പുവിളിച്ചു. 

 അതിവേഗത്തില്‍ കുതിച്ചെത്തുന്ന എതിരാളിയുടെ മുന്നണിപ്പോരാളികളെ അരിഞ്ഞുവീഴ്ത്തുന്ന പണിയാണ് ഇറ്റിയുടെ പ്രതിരോധ നിര തീര്‍ക്കുന്നത്. അവിടെ നിന്ന് പ്രത്യാക്രമണത്തിലേക്കു കുതിക്കും ഈ നീലക്കുപ്പായക്കാര്‍. 

1930കളിലാണ് ഇറ്റലി അവരുടെ ‘കേറ്റനാസിയോ’ അതായത് ആക്രമണത്തിന്റെ വാതില്‍ പൂട്ടുന്ന ശൈലി കൊണ്ടുവന്നത്. പ്രതിരോധനിരയിലെ മൂന്നു ഭടന്മാര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന സ്വീപ്പര്‍ ബാക്കിന്റെ അവതാരത്തിനാണ് ‘കേറ്റനാസിയോ’ ശൈലി എന്ന വിളി വന്നത്. ലൂസ് ബോളുകള്‍ പിടിച്ചെടുത്ത് മുന്നേറ്റ നിരയിലേക്ക് എത്തിക്കുന്നതും പ്രത്യാക്രമണങ്ങള്‍ക്ക് നീണ്ട പാസുകള്‍ നല്‍കുന്നതുമാണ് സ്വീപ്പര്‍ ബാക്കിന്റെ പ്രധാനജോലി. 

‘മാന്‍ ടു മാന്‍’മാര്‍ക്കിങ് ശൈലിയാണ് ഇതുവഴി ഇറ്റലി ലോകത്തിന് തുറന്നു കൊടുത്തത്. ഇത്തവണയും ഇത് ഫലപ്രദമായിരുന്നു.  പ്രതിരോധത്തിന് മാറ്റമുണ്ടായില്ല. ഉറപ്പോടെ നിന്നു. എന്നാല്‍ മുന്നേറ്റനിര ആക്രമണത്തിലും പ്രത്യാക്രമണത്തിലും പരാജയപ്പെട്ടു, അതുവഴി റഷ്യയിലേക്കുള്ള ടിക്കറ്റും നഷ്ടമായി. 1934ലും 1938ലും 1982ലും 2006ലും ലോകകിരീടം ഉയര്‍ത്തിയ ഇറ്റലി എല്ലാ ലോകകപ്പിന്റെയും ഉറച്ച പ്രതിരോധമതിലായിരുന്നു.  

ഇത്തവണ മാര്‍ക്കോ വെരാറ്റിയുടെ വിലക്കും സാസയുടെയും സ്പിന്നസോലക്കിന്റെ പരുക്കും ഇറ്റലിയെ തളര്‍ത്തി. ബര്‍സാഗ്ലിയും ബൊണേച്ചിയും അംബ്രോസിയോയും ഡാനിയേല ഡി റോസിയും മാര്‍ക്കോ വെരാറ്റിയും ബെലോടെല്ലിയും ഫ്ലോറന്‍സിയും ലോകം പന്തിനു പിന്നാലെ പായുമ്പോള്‍ എങ്ങനെ അടങ്ങിയിരിക്കും. ലോകകപ്പിന്റെ ആവേശത്തിലാകുമ്പോഴും  നീലക്കുപ്പായത്തിലെ ഈ കാവല്‍ഭടന്മാരെ ആരാധകര്‍ ഓര്‍ക്കാതിരിക്കില്ല.