സേവാഗിനെയും ഹർഭജനെയും തഴഞ്ഞ് ധോണിയെ നായകനാക്കിയതിനു പിന്നിൽ?

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻ ആരെന്നു ചോദിച്ചാൽ നിസംശയം പറയാവുന്ന പേരാണ് എം.എസ്.ധോണിയുടേത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ െടസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ചാംപ്യൻമാരാക്കിയത് ധോണിയുടെ നായകമികവാണ്. ഏകദിന, ട്വന്റി20 ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടിയ ഏകനായകനും ധോണിയാണ്. തികച്ചു‍ം അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേയ്ക്ക് ധോണിയെത്തിയത്.

സച്ചിനും ഗാംഗുലിയും ദ്രാവിഡും മാറിനിൽക്കുകയും വീരേന്ദർ സേവാഗും ഹർഭജനും യുവരാജും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ടീമിലുണ്ടായിരിക്കെ എങ്ങനെയാണ് താന്‍ ടീം ഇന്ത്യയുടെ നായക സ്ഥാനത്തേയ്ക്ക് എത്തിയതെന്ന് ധോണി വെളിപ്പെടുത്തി.

അന്ന് ഇന്ത്യൻ ടീം നായകനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിൽ താൻ ഭാഗമായിരുന്നില്ല. ഒരു പക്ഷെ കളിയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടായിരിക്കാം അവരെ അതിനു പ്രേരിപ്പിച്ചത്. കളിയെക്കുറിച്ച് മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. സീനിയര്‍ താരങ്ങള്‍ എന്നോട് കളിയെക്കുറിച്ച് അഭിപ്രായം ചോദിക്കുമ്പോള്‍ ഭയക്കാതെ തന്റെ മനസിലുള്ള ആശയങ്ങള്‍ പങ്കുവച്ചിരുന്നു. ആ സമയത്ത് ഇതുവഴി ടീമിലെ മറ്റു സഹതാരങ്ങളുമായി എനിക്ക് നല്ലൊരു ബന്ധമുണ്ടാക്കാനായെന്നും' ധോണി പറയുന്നു. നായകനായ ധോണി ഇന്ത്യക്കുവേണ്ടി നേടിക്കൊടുത്തത് മറ്റൊരു ഇന്ത്യൻ നായകനും ഇതുവരെ കഴിയാത്ത നേട്ടങ്ങൾ.

2007ലെ ഏകദിന ലോകകപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ ഇന്ത്യ കനത്ത തോല്‍വി നേരിട്ടതിനെ തുടര്‍ന്നാണ് സെലക്ടര്‍മാര്‍ പരീക്ഷണമെന്ന നിലയില്‍ ധോണിയെ നായക സ്ഥാനത്തേയ്ക്ക് കൊണ്ട് വന്നത്. 2007ലെ ട്വന്റി 20 ലോകകപ്പ‍് നേടിയാണ് ധോണി സെലക്ടർമാരുടെ പ്രതീക്ഷ കാത്തത്.