ബഫണ്‍ ഇറ്റലിയുടെ കണ്ണീര്‍; ലോകത്തിന്റെയും

അതെ, ബഫണില്ലാത്ത ലോകകപ്പിനാണ് റഷ്യ 2018ല്‍ വേദിയാവുന്നത്. ഇറ്റലി പുറത്താകുമ്പോള്‍ കണ്ണീരണിഞ്ഞുകൊണ്ടല്ലാതെ ബഫണിന് എങ്ങനെ കളം വിടാനാവും. പടിയിറങ്ങുന്നത് ഫുട്ബോളിലെ ജീവിക്കുന്ന ഇതിഹാസം.രാജ്യാന്തര ഫുട്ബോളില്‍ രണ്ടു പതിറ്റാണ്ടുനീണ്ട കരിയറാണ് സ്വീഡനെതിരായ തോല്‍വിയോടെ ജിയാന്‍ ലൂജി ബഫണ്‍ അവസാനിപ്പിക്കുന്നത്. 2006 ലോകകപ്പ് കിരീടമടക്കം നേടിയ ഇതിഹാസതാരം കളിക്കളത്തില്‍നിന്ന് മടങ്ങുന്നത് അടക്കാനാകാത്ത വേദനയോടെ. 

അസാധാരണമായ പോരാട്ടവീര്യവും ആത്മാര്‍പ്പണവും കൈമുതലാക്കിയാണ് 39ാം വയസിലും ബഫണ്‍ ഇറ്റലിയുടെ നെടുന്തൂണായത്. ഫിഫയുടെ മികച്ച ഗോള്‍ കീപ്പര്‍ പുരസ്കാരം തേടിയെത്തിയതും ആ പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു. 2006ലെ ഫൈനല്‍പോരാട്ടത്തില്‍ സിനദിന്‍ സിദാന്റെ ഹെഡര്‍ തട്ടിയകറ്റിയ ബഫണ്‍ ഫ്രാന്‍സിന് നിഷേധിച്ചത് ആ ലോകകപ്പ് തന്നെയായിരുന്നു. 

രണ്ടു പതിറ്റാണ്ടായി ഗോള്‍കീപ്പിങ്ങില്‍ ഇറ്റാലിയന്‍ ഫുട്ബോളില്‍ പകരംവയ്ക്കാന്‍ മറ്റൊരുപേരില്ല. പ്രതിരോധക്കോട്ട കെട്ടിയ കളിശൈലിയില്‍ പടനായകനായി ബഫണ്‍. ബാജിയോയും ദെല്‍പിയറോയും പിര്‍ലോയുമടക്കം സൂപ്പര്‍താരങ്ങള്‍ വിടപറഞ്ഞിട്ടും അസൂറിപ്പടയെ ഒറ്റയ്ക്കു ചുമലിലേറ്റിയ താരം. 2001-2002 സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലെത്തിയ ബഫണ്‍ ലോകഫുട്ബോളിന്റെ നെറുകയില്‍നിന്നപ്പോള്‍പോലും മറ്റു ക്ലബുകളെ തേടിപ്പോയില്ല.

ഇറ്റാലിയന്‍ ഫുട്ബോള്‍ ബഫണിന് എന്നുമൊരു വികാരമായിരുന്നു. നിര്‍ണായകമല്‍സരത്തില്‍ തന്റെ ഭാഗം ഭംഗിയായി പൂര്‍ത്തിയാക്കിയിട്ടും കണ്ണീരണിയാനായിരുന്നു നിയോഗം. ലോകകിരീടം തൊങ്ങല്‍ചാര്‍ത്തിയ കരിയര്‍ അവസാനിക്കുമ്പോള്‍ നഷ്ടം ബഫണിനു മാത്രമല്ല, ആ സേവുകള്‍ക്കായി കാത്തിരുന്ന ലോകമെമ്പാടുമുള്ള ആരാധകര്‍ക്കുകൂടിയാണ്.