അന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു:കുൽദീപ്

ഏതു ലോകത്തര ബാറ്റ്സ്മാനും ഭയക്കുന്ന ബൗളറാണ് കുൽദീപ് യാദവ്. ഇന്ത്യൻ ക്രിക്കറ്റിലെ ‘ചൈനാമാൻ’ എന്നു വിശേഷിപ്പിക്കുന്ന ഈ ബൗളറുടെ പന്തുകൾ ഭയത്തോടേയും ബഹുമാനത്തോടെയുമല്ലാതെ നേരിടാനാകില്ല. കുൽദീപ് വാരിക്കൂട്ടിയ വിക്കറ്റുകൾ ഇതിനു തെളിവ്. 

ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അനിവാര്യ ഘടകമായി മാറുമ്പോൾ കുൽദീപ് യാദവ് വന്ന വഴി മറക്കുന്നില്ല. പൂക്കൾ വിതറിയ പാതയിലൂടെയായിരുന്നില്ല ഈ കളിക്കാരന്റെ വളർച്ച. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുൽദീപ് താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് വിവരിക്കുന്നു. 

പതിമൂന്നാം വയസിൽ അണ്ടർ15 യുപി ടീമിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചെന്നു കുൽദീപ് പറയുന്നു. ടീമിലെത്താനായി ഏറെ കഠിനാധ്വാനം ചെയ്തെങ്കിലും എല്ലാം വിഫലമായി. നിരാശയുടെ പടുകുഴിയിലേക്കു വീണ ദിനങ്ങൾ. എന്നാൽ തളരാതെ ശ്രമം തുടർന്നു. ഒടുവിൽ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ടീമിൽ പ്രവേശിച്ചു. 

പഠനത്തിൽ മികവ് പുലർത്തിയ താൻ കളിയെ ആദ്യമൊന്നും ഗൗരവത്തിലെടുത്തിരുന്നില്ല. പിതാവിന്റെ പിന്തുണയാണ് തന്നിലെ ക്രിക്കറ്റ് കളിക്കാരനെ കണ്ടെത്തിയത്. മകനെ ഒരു ക്രിക്കറ്ററാക്കാൻ നിശ്ചയിച്ച് പിതാവ് തന്നെ ഒരു പരിശീലകനടുത്തെത്തിച്ചു. പേസറാകാൻ ആഗ്രഹിച്ച തന്നെ സ്പിന്നറാക്കി മാറ്റിയത് കോച്ചാണ്. ഏതാനും പന്തുകൾ സ്പിൻ ചെയ്തെറിഞ്ഞപ്പോൾ ഇത്തരം പന്തുകൾ സ്ഥിരമായി എറിയാൻ അദ്ദേഹം നിർബന്ധിച്ചെന്നും കുൽദീപ് അഭിമുഖത്തിൽ പറഞ്ഞു. 

2014 അണ്ടർ 19 ലോകകപ്പിലെ പ്രകടനത്തോടെയാണു കുൽദീപ് യാദവ് ശ്രദ്ധിക്കപ്പെട്ടത്. അണ്ടർ 19 ലോകകപ്പിന്റെ ചരിത്രത്തിൽ ഹാട്രിക് നേടിയ ഏക ഇന്ത്യൻ ബോളറെന്ന റെക്കോർഡ് കുൽദീപിന്റെ പേരിലാണ്. ടൂർണമെന്റിൽ ഏറ്റവം കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബോളറും കുൽദീപായിരുന്നു.