അണ്ടര്‍ 17 ലോകകപ്പിനുള്ള കൊച്ചിയിലെ ഒരുക്കങ്ങളില്‍ ആശങ്ക വേണ്ടെന്ന് കായികമന്ത്രി എ.സി.മൊയ്തീന്. കലൂര്‍ സ്റ്റേഡിയത്തില്‍ ഫിഫ നിര്‍ദേശിച്ച പ്രധാന ജോലികള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള ജോലികള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഫിഫ നിര്‍ദേശിച്ച സമയപരിധി ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് കായികമന്ത്രിയുടെ പ്രതികരണം. സ്റ്റേഡിയത്തില്‍ ഫിഫ നിര്‍ദേശിച്ച അറ്റകുറ്റപ്പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞെന്നും മല്‍സരത്തെക്കുറിച്ച് ആശങ്കവേണ്ടെന്നും ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം കായികമന്ത്രി എ.സി.മൊയ്തീന് പറഞ്ഞു.
ഫിഫ സംഘം വ്യാഴാഴ്ച സന്ദര്‍ശിക്കും മുന്‍പ് സ്റ്റേഡിയത്തിലെ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട പ്രവര്‍ത്തനത്തിലാണ് കരാറുകാരും തൊഴിലാളികളും. കലൂര്‍ സ്റ്റേഡിയത്തിലെ കോംപറ്റീഷന്‍ ഏരിയയിലെ മുറികള്‍ പൂര്‍ണ സജ്ജമാകാനുണ്ട്. ഗാലറിയില്‍ കസേര സ്ഥാപിക്കുന്നതും അഗ്നിശമന സംവിധാനങ്ങള്‍ നവീകരിക്കുന്നതും അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. അതേസമയം പരിശീലന മൈതാനങ്ങളില്‍ ഒട്ടേറെ ജോലികള്‍ അവശേഷിക്കുകയാണ്.