ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 7 വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്ലില്‍ മുന്നേറ്റം തുടരുന്നു. 161 റണ്‍സ് വിജയലക്ഷ്യം ഗൗതം ഗംഭീറിന്റെയും റോബിന്‍ ഉത്തപ്പയുടേയും അര്‍ധസെഞ്ചുറികളുടെ മികവില്‍ കൊല്‍ക്കത്ത മറികടന്നു. ഡെവിള്‍സിന് വേണ്ടി സഞ്ജു സാംസണും അര്‍ധസെഞ്ചുറി നേടി
അത്യുഗ്രന്‍ തുടക്കം ലഭിച്ചിട്ടും ഇഴഞ്ഞുനീങ്ങി മല്‍സരം കളഞ്ഞുകുളിച്ച മധ്യനിരയെയും ക്യാച്ചസ് വിന്‍ മാച്ചസ് എന്ന ചൊല്ല് മറന്ന ഫീല്‍ഡര്‍മാരേയും പഴിക്കാം ഡെവിള്‍സിന്. സഞ്ജുവും ശ്രേയസ് അയ്യറും ചേര്‍ന്ന് അത്ര നല്ല തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്.
38 പന്തില്‍ സഞ്ജു 60 അടിച്ചപ്പോള്‍ 47 റണ്‍സായിരുന്നു ശ്രേയസിന്റെ സംഭാവന. 14 ഓവറില്‍ 123 റണ്‍സിലേക്കെത്തിയ ഡല്‍ഹി അവസാന ആറ് ഓവറില്‍ നേടിയത് 37 റണ്‍സ് മാത്രം. 161 മറികടക്കാന്‍ പാഡ് കെട്ടിയ കൊല്‍ക്കത്തയുടെ നരേന്‍ തന്ത്രം പാളി
ഗംഭീറിനൊപ്പം ഉത്തപ്പ ചേര്‍ന്നതും കൊല്‍ക്കത്ത കുതിക്കാന്‍ തുടങ്ങി. 9 റണ്‍സില്‍ വച്ച് ഉത്തപ്പ നല്‍കിയ അവസരം കളഞ്ഞുകുളിച്ചതിന് അമിത് മിശ്രയ്ക്കും സഞ്ജുവിനും വലിയ വില നല്‍കേണ്ടി വന്നു
പിന്നീടങ്ങോട്ട് ബാറ്റിങ് വെടിക്കെട്ടിന്റെ ചെറുപൂരം തീര്‍ത്ത ഉത്തപ്പ 33 പന്തില്‍ 59 റണ്‍സാണ് ചേര്‍ത്തത് , വിജയം ഉറപ്പാക്കി ഉത്തപ്പ മടങ്ങിയതോടെ ഗംഭീര്‍ ഏറ്റെടുത്തും ആക്രമണം. 52 പന്തില്‍ 71 റണ്‍സുമായാണ് ഗംഭീര്‍ കളിയിലെ കേമനായത്