വിവാഹാലോചന നിരസിച്ചതില്‍ പക; വീടുകയറി വെട്ടി; പ്രതി എത്തിയത് വെട്ടുകത്തിയും പേപ്പര്‍ കട്ടറുമായി

പൊലീസ് പിടിയിലായ രഞ്ജിത്ത് രാജേന്ദ്രന്‍ (വലത്)

ആലപ്പുഴ ചെന്നിത്തലയില്‍ വീട്ടില്‍ കയറി അ‍ഞ്ചുപേരെ വെട്ടിപരുക്കേല്‍പ്പിച്ച് യുവാവ്. വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യമാണ് ഇത്തരത്തിലൊരു അക്രമ സംഭവത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമ്മല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു എന്നിവർക്കാണ് വെട്ടേറ്റത്. റാഷുദ്ദീന്‍റേയും മകള്‍ സജിനയുടേയും നില ഗുരുതരമാണ്. പ്രതി കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍ പൊലീസിന്‍റെ പിടിയിലായി.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് വെട്ടുകത്തിയും പേപ്പര്‍ കട്ടറുമടക്കം കയ്യില്‍ കരുതി പ്രതി റാഷുദ്ദീന്‍റെ വീട്ടിലെത്തിയത്. വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സജിനയെ ആദ്യം വെട്ടുകത്തികൊണ്ട് വെട്ടി. നിലവിളി ശബ്ദം കേട്ടെത്തിയ സഹോദരനെയും വെട്ടി പരുക്കേൽപ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യിൽ നിന്നും വെട്ടുകത്തി പിടിച്ചു വാങ്ങുകയും ഈ സമയം പ്രതി കയ്യിൽ കരുതിയിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് ഇവരെയും തടസ്സം നിന്ന നിർമ്മലയെയും മാരകമായി വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് വിവരം.

കുവൈത്തിൽ നഴ്സായി ജോലി ചെയ്തിരുന്ന സജിനയെ ഭർത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു എന്നാൽ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറി. ഇതോടെ സജിനയോടും കുടുംബത്തോടുമുണ്ടായ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി വീട്ടിലെത്തുകയും ആക്രമണം നടത്തുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവച്ച് മാന്നാർ പൊലീസിൽ വിവരമറിയിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും മകൾ സജിനയെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ നിർമല, സുജിത്, ബിനു എന്നിവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.