ചോദിച്ചിട്ടും ടിക്കറ്റ് നല്‍കിയില്ല; തര്‍ക്കത്തില്‍ യാത്രക്കാരിക്കു കണ്ടക്ടറുടെ മര്‍ദനം

കര്‍ണാടകയില്‍ ടിക്കറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യാത്രക്കാരിക്കു ബസ് കണ്ടക്ടറുടെ ക്രൂര മര്‍ദനം. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ ചൊവ്വാഴ്ച വൈകിട്ടാണു സംഭവം. കേസില്‍ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളുരു നഗരത്തിലെ ബസ് ജീവനക്കാരുടെ പെരുമാറ്റത്തെ പറ്റിയുള്ള പരാതികള്‍ നിലനില്‍ക്കെയാണു ബിലേക്കഹള്ളി –ശിവാജിനഗര്‍ റൂട്ടിലെ ബസില്‍ കണ്ടക്ടര്‍ വനിതായ യാത്രക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണു തന്‍സുള ഇസ്മായില്‍ പീര്‍സാദെയുന്ന 24 കാരി ശിവാജി നഗറിലേക്കു പോകുന്നതിനായി ബി.എം.ടി.സി. ബസില്‍ കയറിയത്. ആവര്‍ത്തിച്ചു ചോദിച്ചിട്ടും ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നു യുവതി പൊലീസ് എയിഡ്പോസ്റ്റിനു മുന്നില്‍ ബസ് നിര്‍ത്തുവാന്‍  ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചുതര്‍ക്കമുണ്ടായി. ഒടുവില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടക്ടര്‍ ഹൊന്നപ്പ നാഗപ്പ അഗസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ സൗജന്യ യാത്രാടിക്കറ്റിനായി ആധാര്‍ കാര്‍ഡ്  കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും  യുവതി നല്‍കാത്തതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ യുവതിയാണ് ആദ്യം തല്ലിയെതെന്നാണു കണ്ടക്ടറുടെ മൊഴി. സഹയാത്രക്കാരി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ ആദ്യം യുവതി കണ്ടക്ടറെ അടിക്കുന്നത് വ്യക്തമാണ്.

BMTC conductor arrested for assaulting woman passenger in Bengaluru