വാദ്യ കലാകാരൻമാരുടെ സ്വർണവും ഫോണുകളും പണവും കവർന്ന യുവാവ് അറസ്റ്റില്‍

ഷൊർണൂർ കാരക്കാട്ടെ ക്ഷേത്രത്തിൽ ഉത്സവത്തിനു വാദ്യം ഒരുക്കാനെത്തിയ കലാകാരൻമാരുടെ സ്വർണവും മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ യുവാവ് അറസ്റ്റില്‍. കുളപ്പുള്ളി പറമ്പിൽ വീട്ടിൽ ഫിറോസ്കിയാണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ഫോൺ ഇയാളുടെ കയ്യിൽ നിന്നു വീണ്ടെടുത്തു. മോഷ്ടിച്ച സ്വർണമാല വിറ്റെന്നാണു മൊഴി. പണം ചെലവായി. സ്വർണം വീണ്ടെടുക്കാൻ പൊലീസ് അന്വേഷണം തുടങ്ങി. മാർച്ച് പതിനൊന്നിന് രാത്രിയാണ് ക്ഷേത്രം അഗ്രശാലയിൽ ഉറങ്ങുകയായിരുന്ന വാദ്യ കലാകാരൻമാരിൽ നിന്ന് രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയും മൂന്ന് മൊബൈൽ ഫോണുകളും 3500 രൂപയും കവർന്നത്. 

ഉത്സവത്തിന്റെ ഭാഗമായ മേളത്തിന് എത്തിയതായിരുന്നു കലാകാരൻമാർ. പതിനൊന്നിന് രാത്രി മേളം പൂർത്തിയായ ശേഷം ക്ഷേത്രത്തിലെ അഗ്രശാലയിൽ ഉറങ്ങുന്നതിനിടെയായാണ് മോഷണത്തിന് ഇരയായത്. അറസ്റ്റിലായ ഫിറോസ്കിയെ ക്ഷേത്രത്തിൽ തെളിവെടുപ്പിനെത്തിച്ചു. ഇയാളുടെ പേരിൽ ഒട്ടേറെ മോഷണ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.