വ്യാജ ഏറ്റുമുട്ടല്‍: മുംബൈ പൊലീസിലെ പ്രദീപ് ശര്‍മയ്ക്ക് തടവുശിക്ഷ

മുംബൈ പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധനായിരുന്ന പ്രദീപ് ശര്‍മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഛോട്ടാ രാജന്‍ സംഘത്തിലെ ലഖന്‍ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

രാം നാരായണന്‍ ഗുപ്ത എന്ന ലഖന്‍ ഭയ്യ. ഒരുകാലത്ത് മുംബൈ അധോലോകത്ത് കുപ്രസിദ്ധിയാര്‍ജിച്ച ഛോട്ടാ രാജന്‍ സംഘാംഗം. 2006ല്‍ ലഖന്‍ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് പ്രദീപ് ശര്‍മയ്ക്ക് എതിരായ കേസ്. നേരത്തെ ഈ കേസില്‍ കീഴ്ക്കോടതി പ്രദീപ് ശര്‍മയെ വെറുതേവിട്ടിരുന്നു. അന്ന് കോടതിക്ക് തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയാണ് ബോംബേ ഹൈക്കോടതി ശര്‍മയ്ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷവിധിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ എന്നി കുറ്റങ്ങള്‍ ചുമത്തി. മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നാണ് ഉത്തരവ്. 

1983ൽ സബ് ഇൻസ്പെക്ടറായി മുംബൈ പൊലീസിൽ ചേർന്ന പ്രദീപ് ശർമ മുംബൈ അധോലോകത്തെ തകർത്തുകളഞ്ഞ 300ൽ പരം ഏറ്റുമുട്ടലുകളിൽ പങ്കാളിയാണ്. ഇതിൽ 113 എണ്ണവും നയിച്ചത് ശര്‍മയാണ്. 2021ൽ മുകേഷ് അംബാനിയുടെ വസതിക്ക് പുറത്ത് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ കേസിലും വ്യവസായി മൻസൂഖ് ഹിരണിന്‍റെ കൊലപാതക കേസിലും പ്രതിയാണ് പ്രദീപ് ശർമ. 2019ൽ സ്വയംവിരമിച്ച പ്രദീപ് ശർമ ശിവസേനയിൽ ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.