അതിഥി തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടുപോയി ഫോണും പണവും കവർന്നു

കോഴിക്കോട് താമരശേരിയിൽ  അതിഥി തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടുപോയി മൊബൈല്‍ ഫോണും പണവും കവർന്നു. ജാർഖണ്ഡ് സ്വദേശികളായ അബ്രീസ് ആലം, അബ്ദുൽ ഗഫാർ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ആൾതാമസമില്ലാത്ത വീട്ടിൽ ഇരുവരെയും ജോലിക്ക് നിർത്തിയ ശേഷമാണ് യുവാവ് ഫോണും പണവുമായി കടന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം വാടകക്ക് താമസിക്കുന്ന  അബ്രീസ് ആലം, അബ്ദുൽ ഗഫാർ എന്നിവരെ അപരിചിതനായ യുവാവ് ജോലിക്കായി വിളിച്ചു കൊണ്ടുപോയി. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവ് തന്‍റെ വീട്ടിൽ പണിയുണ്ടെന്നാണ് ഇരുവരെയും ധരിപ്പിച്ചത്. കാരാടി കുടുക്കിൽ ഉമ്മരം റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ എത്തിയ ശേഷം മുറ്റത്തെ പുല്ലു പറിച്ച് വൃത്തിയാക്കാൻ ഏൽപ്പിച്ചു. വീടിന്‍റെ ഒരു വശത്തെ ഉയരമില്ലാത്ത മതിൽ ചാടിയാണ് യുവാവും തൊഴിലാളികളും മുറ്റത്ത് പ്രവേശിച്ചത്. ഗെയ്റ്റിന്‍റെ താക്കോൽ വീട്ടിൽ വെച്ച് മറന്നെന്ന് യുവാവ് തൊഴിലാളികളെ വിശ്വസിപ്പിച്ചു. വീടിന്‍റെ പിൻഭാഗത്തെ ഷെഡിലാണ് തൊഴിലാളികൾ ഫോണുകളും വസ്ത്രവും സൂക്ഷിച്ചത്. തൊഴിലാളികൾ ജോലി തുടരവേ യുവാവ് ഇവരുടെ ഫോണും വസ്ത്രത്തിലുണ്ടായിരുന്ന പണവും കവർന്ന് പിൻഭാഗത്തു കൂടി രക്ഷപ്പെട്ടു.  

തൊഴിലാളികൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി. യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.