പതിനാറുകാരിയെ വിവാഹം ചെയ്ത നാല്‍പ്പത്തിയാറുകാരന്‍ അറസ്റ്റില്‍

ഇടുക്കിയിലെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പതിനാറുകാരിയെ വിവാഹം ചെയ്ത നാല്‍പ്പത്തിയാറുകാരന്‍ അറസ്റ്റില്‍. ഇടമലക്കുടി കണ്ടത്തില്‍കുടി സ്വദേശിയാണ് അറസ്റ്റിലായത്. രണ്ട് തവണ പൊലീസിന്‍റെ സാന്നിധ്യം മനസിലാക്കി മുങ്ങിയ പ്രതിയെ മഫ്തിയിലെത്തി തന്ത്രപരമയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പതിനാറുകാരിയെ വിവാഹം ചെയ്ത കേസില്‍ പോക്സോ ചുമത്തിയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തിരുന്നത്. അന്ന് മുങ്ങിയ പ്രതിയെ പൊലീസിന് കണ്ടെത്താനായിരുന്നില്ല. തമിഴ്നാട്ടിലേക്കായിരുന്നു പ്രതി കടന്നുകളഞ്ഞത്. എന്നാല്‍ രണ്ട് തവണ ഇടമലക്കുടിയില്‍ പ്രതി എത്തിയിരുന്നു.. ആ സമയത്ത് പിടികൂടാനെത്തിയ പൊലീസിനെ കണ്ട്  വീണ്ടും രക്ഷപ്പെട്ടു. ഇത്തവണ തന്ത്രപരമായാണ് പൊലീസ് പ്രതിയെ പിടിച്ചത്. കേസെടുത്ത് രണ്ട് മാസത്തിന് ശേഷമാണ് മൂന്നാര്‍ പൊലീസിന് ഇയാളെ‌ അറസ്റ്റ് ചെയ്യാനായത്.  

 ഇരയായ പതിനാറുകാരിയായ പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്. പ്രതിക്ക് ഇടമലക്കുടിയില്‍ മറ്റൊരു ഭാര്യയും കുട്ടികളുമുണ്ട്.