പൗഡര്‍ ടിന്ന്, സോപ്പ് കവർ; ലഹരിമരുന്ന് കടത്താന്‍ പുതു വഴികള്‍

ലഹരിമരുന്ന് കടത്താന്‍ പുതു വഴികള്‍ തേടി യുവാക്കള്‍.  പൗഡര്‍ ടിന്നിലും ഒഴിഞ്ഞ സോപ്പ് കവറിലും ഒളിപ്പിച്ചാണ് കോഴിക്കോട് നഗരത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് 58 ഗ്രാം എംഡിഎംഎ എത്തിച്ചത്. വെള്ളയില്‍ സ്വദേശി ഗാലിദ് അബാദിയെ നടക്കാവ് പൊലിസും ഡന്‍സാഫും ചേര്‍ന്ന് കെഎസ്ആര്ടിസി സ്റ്റാന്‍ഡില്‍ വച്ചാണ്  എംഡിഎംഎയുമായി പിടികൂടിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

കഴിഞ്ഞ രണ്ടുമാസമായി ഗാലിദ് അബാദി പൊലിസിന്റെ നിരീക്ഷണത്തിലാണ് . കോഴിക്കോട് നഗരത്തില്‍ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യാനെത്തിച്ച 58 ഗ്രാം എംഡിഎംഎയാണ് നടക്കാവ് പൊലിസും ഡെന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് ഗാലിദ് അബാദി ഇതെത്തിച്ചത്. പൗഡര്‍ ടിന്നിലും ഒഴിഞ്ഞ സോപ്പ് കവറിനുള്ളിലും സൂക്ഷിച്ചാണ് കൊണ്ടുവന്നത്. ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടുന്നതുപോലെ  വിതരണത്തിനിടെ പിടിക്കപ്പെടാതിരിക്കാനും പുതിയ വഴികളാണ് ഇവര്‍ സ്വീകരിക്കുന്നത്. 

ആവശ്യക്കാര്‍ക്ക് ലഹരി മരുന്ന് വെക്കുന്ന സ്ഥത്തിന്റെ വിവരങ്ങള്‍ ഫോട്ടോ സഹിതം അയക്കുന്നു. പിന്നീട് അവര്‍ ഈ സ്ഥലത്തെത്തി ഇവ എടുക്കുന്നു. പെട്ടെന്ന് പൊലിസിന് ഇത് കണ്ടെത്താനും കഴിയില്ല. പിടിക്കപ്പെടാതിരിക്കാന്‍ പണമിടപാടുകള്‍ ഉള്‍പ്പടെ ഒാണ്‍ലൈനായാണ് നടത്തുന്നത്. ഗാലിദ് അബാദിയുടെ പിന്നില്‍ വലിയ ലഹരി മാഫിയയുണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍ . ഇവര്‍ക്കായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.പ്രതിക്ക് എതിരെ ലഹരി , മോഷണക്കേസുകള്‍ നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഉണ്ട്. മുന്‍പ് കോഴിക്കോട് സൗത്ത് ബീച്ചില്‍ നിന്ന് പിടിയിലായ പ്രതിയും സമാനമായ രീതിയില്‍ ലൈറ്റുകളിലും സ്പീക്കറുകളിലും ഒളിപ്പിച്ചാണ് ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്.