രണ്ടര കോടിയുടെ സ്വർണം കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളം വഴി രണ്ടുകോടി രൂപയുടെ സ്വര്‍ണം കടത്തിയ തമിഴ്നാട് സ്വദേശികള്‍ കസ്റ്റംസിന്‍റെ പിടിയില്‍. ആറ് കിലോ സ്വര്‍ണമാണ് ഉരുക്കി പത്ത് ക്യാപ്സ്യൂളുകളാക്കി ബാഗില്‍ കടത്തിയത്. മുംബൈ വിമാനതാവളത്തില്‍വെച്ച് ശ്രീലങ്കന്‍ സ്വദേശിയാണ് സ്വര്‍ണമടങ്ങിയ ബാഗ് കൈമാറിയത്. 

ആഭ്യന്തര യാത്രക്കാരായെത്തി തമിഴ്നാട് രാമനാഥപുരം സ്വദേശി സെയ്ദ് അബു താഹിർ, ബറകത്തുള്ള എന്നിവരാണ് സ്വര്‍ണം കടത്തിയത്.  വ്യാജ പേരുകളില്‍ സഞ്ചരിച്ച ഇരുവരെയും നിര്‍ണായക നീക്കത്തിലൂടെയാണ് കസ്റ്റംസ് പിടികൂടിയത്. മുംബൈയിൽ നിന്ന് ഇൻഡിഗോവിമാനത്തിൽ വാസുദേവൻ, അരുൾ ശെൽവം എന്നീ വ്യാജ പേരുകളില്‍ ടിക്കറ്റ് എടുത്തായിരുന്നു ഇരുവരുടെയും യാത്ര. ആഭ്യന്തര ടെര്‍മിനലിലെ യാത്രക്കാര സാധാരണ പരിശോധിക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യാന്തര സര്‍വീസിന് ശേഷം ആഭ്യന്തര സര്‍വീസ് നടത്താന്‍ തയാറെടുത്ത വിമാനത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ഇതോടെ ആഭ്യന്തര യാത്രക്കാരിലും പരിശോധന കര്‍ശനമാക്കി. സുരക്ഷാക്രമീകരണങ്ങളിലെ ഈ ജാഗ്രതയാണ് സ്വര്‍ണകടത്തുകാരെ കുടുക്കിയത്. ഇരുവരുടേയും ഹാൻഡ് ബാഗുകളിലായി പത്ത് കാപ്സ്യൂളുകളുടെ രൂപത്തില്‍ 6454 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചത്. മുംബൈ വിമാന താവളത്തിലെ സെക്യൂരിറ്റി ഹാളിൽ വച്ച് ഒരു ശ്രീലങ്കൻ വംശജനാണ് ബാഗേജുകൾ കൈമാറിയതെന്നാണ് പിടിയിലായവരുടെ മൊഴി. ഗൾഫിൽ നിന്നെത്തിച്ച സ്വർണമാണ് ആഭ്യന്തര യാത്രക്കാരായി എത്തി പുറതെത്തിക്കാന്‍ ശ്രമിച്ചത്. ഇതിന് മുംബൈ വിമാനതാവളത്തിലെ ചിലരുടെ സഹായം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു. ഗൾഫിൽ നിന്നും സ്വർണം കൊണ്ടുവന്നതും തുടർന്ന് ഇവർക്ക് കൈമാറിയതും ആരാണെന്ന് കണ്ടെത്താനാണ് കസ്റ്റംസിന്‍റെ ശ്രമം.