വിവാഹം ക്ഷണിക്കാൻ പോയ പ്രതിശ്രുത വരനെ കാണാതായി; വിവാഹം മുടങ്ങി

representative image

പുതുനഗരം: വിവാഹത്തിന് രണ്ടു ദിവസം മുൻപ് കോയമ്പത്തൂരുള്ള സുഹൃത്തുക്കളെ ക്ഷണിക്കുന്നതിനായി പോയ പ്രതിശ്രുത വരൻ വിവാഹ ദിനത്തിലും മടങ്ങിയെത്തിയില്ല. തുടർന്ന് വിവാഹം മുടങ്ങി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാർ പൊലീസിൽ പരാതി നൽകി.    പുതുനഗരം കരിപ്പോട് കൂനംകുളമ്പ് സ്വദേശി സി. പ്രതീഷ് (31) കഴിഞ്ഞ 26 നാണ് കോയമ്പത്തൂർ നവക്കരയിലുള്ള സുഹൃത്തുക്കളെ വിവാഹത്തിന് ക്ഷണിക്കുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയത്.

തുടർന്ന് പ്രതീഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നത്രെ. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഒട്ടേറെ സുഹൃത്തുക്കൾ ഉണ്ട് പ്രതീഷിന്. കിണാശ്ശേരിയിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്ന പ്രതീഷ് വിവാഹ ദിവസം രാവിലെയെങ്കിലും വീട്ടിൽ മടങ്ങിയെത്തുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. യുവാവിന് വിവാഹത്തോട് എതിർപ്പോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചു. ഇന്നലെ മുതലമട ആനമാറി സ്വദേശിനിയായ യുവതിയുമായിട്ടായിരുന്നു പ്രതീഷിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. 

സംഭവത്തിൽ കേസെടുത്ത പുതുനഗരം പൊലീസ് പ്രതീഷിന്റെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നമ്പർ തമിഴ്നാടിന്റെ അതിർത്തി പ്രദേശത്ത് ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹത്തിനോടനുബന്ധിച്ച് പ്രതീഷിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും സുഹൃത്തുക്കളിൽ പലരോടും പ്രതീഷ് പണം കടം ചോദിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

ആവശ്യപ്പെട്ട പണം ആരിൽ നിന്നും കിട്ടാതായതോടെയാവാം പ്രതീഷ് കോയമ്പത്തൂരിലേക്ക് പോയതെന്നും പറയുന്നു. പ്രതീഷിന് തമിഴ്നാട്ടിലും ബെംഗളൂരുവിലും ട്രേഡിങ് ബിസിനസ് ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപ ദിവസങ്ങളിൽ തന്നെ പ്രതീഷിനെ കണ്ടെത്താനാകുമെന്ന് പുതുനഗരം സിഐ എ.ദീപകുമാർ പറഞ്ഞു.