സോളോ ട്രിപ്പ് പോയ യുവാവിനെ കാണാനില്ല; ബാഗ് ഹോട്ടൽ മുറിയിൽ: ദുരൂഹത

അസർബൈജാനിലേക്ക് സോളോ ട്രിപ്പ് പോയ സഹോദരനെ കാണാനില്ലെന്ന പരാതിയുമായി യുവാവ്. മണികാന്ത് കൊണ്ടവീട്ടി എന്ന ഇരുപത്തിയെട്ടുകാരനാണ് സോളോ ട്രിപ്പിനായി ഏപ്രില്‍ 26ന് വീട്ടിൽ നിന്നു പോയത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. മെയ് 12 മുതൽ വാട്സാപ്പ് മെസേജുകൾക്ക് മറുപടി ഇല്ലാതെ വന്നതോടെയാണ് വീട്ടുകാർക്ക് അപകടം മണത്തത്. 

മണികന്തിനെ കാണാനില്ലെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ സഹോദരൻ ധരനാണ് അറിയിച്ചത്. മണികന്തിന്റെ ഫോട്ടോയടക്കം നൽകിയാണ് ധരൻ ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. എനിക്ക് അവൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ കൂടിയാണ്. അവനെ കാണാനില്ലെന്നറിഞ്ഞതു മുതൽ എനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ലെന്ന് ധരൻ പറയുന്നു. 

'അവന് യാത്രകൾ ഒരുപാടിഷ്ടമാണ്. അസർബൈജാനിലേക്ക് പോകും മുൻപ് അവൻ ഡൽഹിയിൽ എന്നെ കാണാൻ വന്നിരുന്നു. ഒരു ദിവസം ഞങ്ങൾ ഒന്നിച്ച് ചിലവിട്ടു. പിറ്റേന്ന് അവനെ വിമാനത്താവളത്തിൽ യാത്രയാക്കുമ്പോൾ അടുത്ത തവണ ഞാനും കൂടെ വരുമെന്ന് പറഞ്ഞിരുന്നു. മെയ് 12 വരെ എല്ലാ ദിവസവും അവൻ വീട്ടിലേക്ക് വിളിച്ചിരുന്നു. ഫോട്ടോകളടക്കം ഞങ്ങൾക്ക് അയച്ചു തന്നിരുന്നു. അതിനു ശേഷം വാട്സാപ്പ് മെസേജുകൾക്ക് മറുപടിയില്ല. നെറ്റ്‌വർക്ക് ഇല്ലാത്തതുകൊണ്ടാണെന്നു കരുതി ആശ്വസിച്ചു. എന്നാൽ യാതൊരു വിവരവും ഇല്ലാതെ വന്നതോടെ എംബസിയുമായി ബന്ധപ്പെട്ടു.

ഒരുപക്ഷേ മണികാന്ത് മല മുകളിലായിരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. പേടിക്കേണ്ടെന്ന് എംബസി അധികൃതർ പറയുന്നു. പക്ഷേ ഞങ്ങൾക്കതിന് കഴിയുന്നില്ല. തുടർച്ചായായ ആവശ്യപ്രകാരം അവർ അന്വേഷിക്കാം എന്ന് പറഞ്ഞു. പിന്നീട് മണികാന്തിന്റെ ബാഗും സാധനങ്ങളും ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുത്തു. ഇതും കൂടിയായപ്പോൾ ദുരൂഹതകളേറുകയാണ്.

മണികാന്തിന്റെ ഗൂഗിൽ അക്കൗണ്ടിൽ തിരഞ്ഞപ്പോൾ മെയ് 13ന് പുലർച്ചെ അവൻ സിറ്റിയിൽ തന്നെയുണ്ടായിരുന്നു എന്നാണ് കാണുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമടക്കം മണികാന്തിന്റെ ചിത്രങ്ങളും വിവരങ്ങളും നൽകിയിട്ടുണ്ട്. അവനെ എങ്ങനെയെങ്കിലും കണ്ടു പിടിക്കണം, എന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. ഓരോ തവണയും അമ്മയുടെ ഫോണടിക്കുമ്പോള്‍ അത് അവനാകുമോ എന്ന പ്രതീക്ഷയിലാണ് ഓടിചെല്ലുന്നത്. അവനെ കണ്ടെത്താൻ സാധിക്കുന്നവർ സഹായിക്കണം' എന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ധരൻ പങ്കുവച്ചിട്ടുണ്ട്.