നന്ദുവിനെ യുവാക്കൾ മർദിച്ചു; വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി: സ്‌ഥിരീകരിച്ച് പൊലീസ്

അടിപിടിക്കു പിന്നാലെ ആലപ്പുഴ പുന്നപ്രയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു – 20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കൽ കോളജിനു സമീപം ട്രെയിൻ തട്ടി മരിച്ചത്. നന്ദുവിനെ മർദിക്കുകയും മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ചെയ്‌ത കുറ്റത്തിനാണ് പുന്നപ്ര പൊലീസ് യുവാക്കൾക്കെതിരെ കേസെടുത്തത്. നിധിൻ, സുമേഷ്, വിഷ്‌ണുപ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയാണ് കേസ്. നന്ദുവിനെ യുവാക്കൾ ക്രൂരമായി മർദിച്ചതായി പൊലീസ് അറിയിച്ചു. 

നന്ദുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീൻപൊഴിക്കു സമീപം മദ്യലഹരിയിൽ ഇരുകൂട്ടർ തമ്മിൽ അടിപി‌ടി നടന്നിരുന്നു. ഇവരെ പിടിച്ചുമാറ്റാൻ ശ്രീരാജ് പോയിരുന്നു. ഇതിനു ശേഷം ശ്രീരാജിനെ കാണാതായി. പൊലീസും നാട്ടുകാരും തിരയുന്നതിനിടെയാണ് റെയിൽവേ ട്രാക്കിനരികിൽ മൃതദേഹം കണ്ടത്. പിതാവ് ബൈജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അടിപിടിയുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നതു തുടരുന്നു. 

ശ്രീരാജിനെ കാണാതാകുന്നതിനു മുൻപ് ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കയച്ച ശബ്ദസന്ദേശത്തിൽ, ചിലർ ചേർന്നു മർദിച്ചതായി പറയുന്നുണ്ട്. ഇനി വീട്ടിൽ കയറാൻ അവർ അനുവദിക്കില്ലെന്നും ബന്ധുവിനോടു ശ്രീരാജ് പറയുന്നുണ്ട്. മൊബൈൽ ഫോൺ പരിശോധനയ്ക്കു വിധേയമാക്കി. സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദ് അറിയിച്ചു.