സല്‍മാന്‍ ഖാനും പിതാവിനും ഭീഷണി; ലോറന്‍സ് ബിഷ്ണോയിയെ കേന്ദ്രീകരിച്ച് അന്വേഷണം

ബോളിവുഡ് താരം സല്‍മാന്‍ ഖാനും പിതാവിനുമെതിരായ ഭീഷണിയില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ കേന്ദ്രീകരിച്ച് അന്വേഷണം. നിലവില്‍ ഡല്‍ഹി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള ലോറന്‍സ് ബിഷ്ണോയിയെ മുംബൈ ക്രൈംബ്രാഞ്ച് ഡല്‍ഹിയില്‍ എത്തി ചോദ്യംചെയ്തു. ഗായകനും പ‍ഞ്ചാബിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ കേസിലും ലോറന്‍സിന്‍റെ പങ്കാണ് പ്രധാനമായി പരിശോധിക്കുന്നത്. 

പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയുടെ ഗതിയായിരിക്കും സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും എന്നായിരുന്നു ഭീഷണിക്കത്ത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ സലിം ഖാന്‍ പ്രഭാത നടത്തിന് ശേഷം വിശ്രമിക്കുന്ന ബെഞ്ചിലാണ് ഭീഷണിക്കത്ത് കണ്ടെത്തിയത്. കത്തിന്‍റെ അവസാനം ഇംഗ്ലീഷ് അക്ഷരത്തില്‍ G.B-L.B എന്നെഴുതിയതാണ് ഗുണ്ടാനേതാക്കളായ ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്ണോയി എന്നിവരില്‍ അന്വേഷണം കേന്ദ്രീകരിക്കാനുള്ള കാരണം. 2018ലും ലോറന്‍സ് ബിഷ്ണോയിയില്‍നിന്ന് സല്‍മാന്‍ ഖാന്‍ ഭീഷണി നേരിട്ടിരുന്നു. കത്തിന്‍റെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടെങ്കിലും അന്വേഷണസംഘം ഭീഷണിയെ ഗുരുതരമായാണ് എടുത്തിട്ടുള്ളത്. 

അന്വേഷണത്തിന്‍റെ ഭാഗമായി ഇതുവരെ 200 സിസി ടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ പ്രധാനിയായ കാംബലയെ കഴിഞ്ഞ ആഴ്ച മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിദ്ദു മൂസവാലയുടെ കൊലയിലും സല്‍മാന്‍ ഖാന് ലഭിച്ച ഭീഷണിക്കത്തിന് പിന്നിലും ഒരേ ആളുകളാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ‌മുംബൈയിലും പഞ്ചാബിലുമായി നടക്കുന്ന അന്വേഷണങ്ങളില്‍ ഉടന്‍ സത്യംവെളിപ്പെടും എന്ന പ്രതീക്ഷയിലാണ് പൊലീസ്.