സുഹൃത്തുക്കൾക്കായി കഞ്ചാവ് കടത്ത്; അസം സ്വദേശി പാലക്കാട് പിടിയിൽ

സുഹൃത്തുക്കള്‍ക്കായി നാട്ടില്‍ നിന്ന് കഞ്ചാവുമായി ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലേക്ക് യാത്ര ചെയ്തിരുന്ന അസം സ്വദേശി പാലക്കാട് അറസ്റ്റില്‍. മോനി കാഞ്ചന്‍ ഗോഗോയാണ് മൂന്നേ കാല്‍ കഞ്ചാവുമായി ഒലവക്കോട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ലഹരികടത്ത് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം തുടങ്ങി ട്രെയിനുകളില്‍ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇരുപത്തി നാല് മണിക്കൂറും നീളുന്ന പരിശോധനയ്ക്കും തുടക്കമായി. 

അസമില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങും വഴി മോനി കാഞ്ചന്‍ ഗോഗോയ് ഒഡിഷയിലിറങ്ങി. ചുരുങ്ങിയ വിലയ്ക്ക് മൂന്നേ കാല്‍ കിലോ കഞ്ചാവ് വാങ്ങി. ഭദ്രമായി ബാഗിലൊളിപ്പിച്ച് ട്രെയിന്‍ മാര്‍ഗം ആലപ്പുഴയിലേക്ക്. ചെറിയ ലാഭമെടുത്ത് കൂട്ടുകാര്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. ട്രെയിന്‍ ഒലവക്കോടെത്തിയപ്പോള്‍ പതിവ് പോലെ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും എക്സൈസും പരിശോധന തുടങ്ങി. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ മോനി ഇറങ്ങിയോടാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പ്ലാറ്റ്ഫോമിലിട്ട് പിടികൂടുകയായിരുന്നു. മോനിയുടെ വരവും കാത്തിരുന്ന ലഹരി ആവശ്യക്കാരായ സുഹൃത്തുക്കള്‍ നിരാശരായെന്ന് ചുരുക്കം. ട്രെയിന്‍ മാര്‍ഗമുള്ള ലഹരികടത്ത് തടയുന്നതിന്റെ ഭാഗമായി ഈമാസം ഒന്ന് മുതല്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം പ്രത്യേക പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. ഇടവേളകളില്ലാതെ ട്രെയിനുകള്‍ പരിശോധിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥര്‍ വേഷം മാറിയും യാത്ര ചെയ്യും. ആര്‍പിഎഫ് കമണ്ടാന്റ് ജെതിന്‍ ബി.രാജിന്റെ നേതൃത്വത്തിലാണ് വിപുലമായ പരിശോധന രൂപരേഖ തയാറാക്കിയിട്ടുള്ളത്. റെയില്‍വേ പൊലീസും എക്സൈസും ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളും പരിശോധനയുടെ ഭാഗമാകും.