സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; രണ്ട് പേർ പിടിയിൽ

സൈന്യത്തില്‍  ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ രണ്ട് പേർ അമ്പലപ്പുഴയില്‍ പിടിയിൽ. എറണാകുളം പോണേക്കര സ്വദേശി സന്തോഷ് കുമാർ പത്തനംതിട്ട കുമ്പഴ സ്വദേശി സിറിൾ  എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ പരാതികളുണ്ട്്.

അറസ്റ്റിലായ സന്തോഷും സിറിളും ചേർന്ന് അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള   പത്തോളംപേരില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി  5 ലക്ഷം രൂപ വീതം  രണ്ടുവര്‍ഷം മുന്‍പ് വാങ്ങിയിരുന്നു.കളമശ്ശേരിയിലുള്ള സന്തോഷിന്റെ വീട്ടിൽ വെച്ചാണ് സിറിൾ പണം ആവശ്യപ്പെട്ടത്.മേജറുടെ യൂണിഫോം ധരിച്ച് സന്തോഷും ഉണ്ടായിരുന്നു. പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും റിക്രൂട്ട്‌മെൻറ് കാര്യങ്ങൾ നടത്തുന്ന ആളാണെന്നും  പറഞ്ഞാണ് സന്തോഷിനെ പരിചയപ്പെടുത്തിയത്. രണ്ട് വർഷം കഴിഞ്ഞിട്ടും ജോലിയോ, പണമോ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. 

സർട്ടിഫിക്കറ്റുകളും, ഫോട്ടോയും, തിരിച്ചറിയൽ രേഖകളും വാങ്ങിയെടുത്തശേഷം  വ്യാജ കോൾ ലെറ്റർ അയച്ച് ബെംഗളുരുവിലും, യു.പിയിലെ  വിവിധ സ്ഥലങ്ങളിലും താമസിപ്പിക്കും. സർട്ടിഫിക്കറ്റ് പരശോധനയും, പരിശീലനവും നടത്തി തിരികെ നാട്ടിലേക്ക് അയക്കും. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെട്ടാൽ കിട്ടാറില്ല.  പാലക്കാട്, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. . സന്തോഷിന്റെ പേരിൽ 2005 മുതൽ ജോലി  തട്ടിപ്പ് നടത്തിയതിന്  വിവിധ സ്‌റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. രണ്ട് വർഷം മുൻപാണ് സിറിൾ സന്തോഷിനോടൊപ്പം കൂടുന്നത്.