കണ്ടെയ്നര്‍ സാബുവിനെ ഓടിച്ചിട്ട് പിടികൂടി എക്സൈസ്; സിനിമാസ്റ്റൈല്‍ ചേസ്

ഗുണ്ടാ പട്ടികയിൽ ഇടം പിടിച്ചിട്ടുളള കണ്ടെയ്നർ സാബുവിനെ കഞ്ചാവ് കടത്തിയതിന് എക്സൈസ് കിലോമീറ്ററുകൾ പിന്തുടർന്ന് പിടികൂടി. വാളയാർ ടോൾ പ്ലാസക്ക് സമീപമുള്ള പതിവ് പരിശോധനയ്ക്കിടയിൽ  നിർത്താതെ പോയ വാഹനം പിന്തുടർന്നാണ്  സാബുവിനെ എക്സൈസ് അഞ്ച് കിലോ കഞ്ചാവുമായി പിടികൂടിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സാബുവിന്റെ കാർ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. 

കൊച്ചിയിലെ ഗുണ്ടകളിൽ പ്രധാനിയായ കണ്ടെയ്നർ സാബുവിനെ കീഴ്പ്പെടുത്താൻ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയത് സിനിമയെ വെല്ലുന്ന ചേസിങ്. ഒടുവിൽ കഞ്ചിക്കോട് വ്യവസായ മേഖലയിൽ കൂടി ഒഴുകുന്ന കോരപ്പുഴയിൽ വണ്ടി മുങ്ങിയതോടെ ഓട്ടം  അവസാനിച്ചു. ഇതിനിടയിൽ പ്രതികൾ സഞ്ചരിച്ച കാർ  നിരവധി വാഹനങ്ങളിൽ ഇടിച്ച് തകർന്നിരുന്നു. എക്സൈസ് എത്തിയതോടെ വാഹനമോടിച്ചയാൾ ഓടി രക്ഷപ്പെട്ടു. സാബുവിനെ എക്സൈസ് പിടികൂടി.

കാറിൽ നിന്നും അഞ്ച് കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. വിവിധ സ്ഥലത്തെ ഇടപാടുകാർക്ക്  നൽകാനായി കഞ്ചാവ് എത്തിച്ചപ്പോഴാണ് എക്സൈസ് പിടികൂടിയത്. കണ്ടെയ്നർ മോഷണം, കുഴൽപ്പണം തട്ടൽ, വിവിധ ക്വട്ടേഷൻ തുടങ്ങിയ കേസിലെ പ്രതിയായ സാബു ആദ്യമായാണ്  കഞ്ചാവ് കേസിൽ പിടിയിലാകുന്നത്. വില കൂടിയ സാധനങ്ങൾ കൊണ്ടുപോകുന്ന കണ്ടെയ്നർ തട്ടിയെടുക്കുന്നതിലെ വിരുതാണ് കണ്ടെയ്നർ സാബു എന്ന വിളിപ്പേര് വരാൻ കാരണം. രക്ഷപ്പെട്ടയാൾക്കായി എക്സൈസ് അന്വേഷണം ഊർജിതമാക്കി.