മദ്യക്കടത്തു വാഹനം എക്സൈസ് വാഹനത്തിലിടിച്ച് ഉദ്യോഗസ്ഥർക്ക് പരുക്ക്

കാസർകോട് ഉപ്പളയിൽ മദ്യക്കടത്തുസംഘത്തിന്റെ വാഹനം എക്സൈസ് വാഹനത്തിലിടിച്ച് രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.  അപകടത്തിൽ രണ്ട് പ്രതികളിൽ ഒരാൾക്കും പരുക്കേറ്റു. ഒരു പ്രതി ഒളിവിൽ. ഇരുവർക്കുമെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. യുവാക്കൾ കാറിൽ കർണാടക മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം ഉപ്പളയിൽ പരിശോധന നടത്തിയത്. രണ്ട് സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടെയിലാണ് യുവാക്കൾ കാറിൽ മദ്യവുമായി സ്ഥലത്തെത്തിയത്. എക്സൈസ് സംഘത്തെ കണ്ടയുടൻ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു. അതിവേഗത്തിൽ ഓടിച്ച കാറിന് കുറുകെ ജീപ്പ് നിർത്താൻ ശ്രമിക്കുന്നതിനിടെ മദ്യക്കടത്ത് സംഘം എക്സൈസ് വാഹനം ഇടിച്ച് തെറിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ ജീപ്പ് ഭാഗികമായി തകർന്നു. ജീപ്പിലുണ്ടായിരുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോയ് ജോസഫ്, പ്രിവന്‍റീവ് ഓഫിസർ ദിവാകരൻ എന്നിവർക്ക് പരുക്കേറ്റു, ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽയിലാണ്. വ്യാജ മദ്യം കടത്താൻ ശ്രമിച്ച ബന്തിയോട് സ്വദേശികളായ രജിൻ കുമാർ, രക്ഷിത്ത് എന്നിവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കാറിൽനിന്ന് 103 ലീറ്റർ കർണാടക മദ്യവും കണ്ടെത്തി. വ്യാജമദ്യം കടത്തിയതിനും എക്സൈസ് ഉദ്യോഗസ്ഥരെ ബോധപൂർവം അപായപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ് റജിസ്റ്റർ ചെയ്തത്. കാലിന് ഗുരുതരമായി പരുക്കേറ്റ പ്രതികളിലൊരാളായ രജിൻ കുമാറും മംഗളൂരുവിൽ ചികിൽയിലാണ്.