ഒറ്റപ്പാലത്ത് സ്വകാര്യ ബസുകളിൽ കവർച്ച പതിവാകുന്നു; പ്രതികളെ പിടിക്കാനായില്ല

ഒറ്റപ്പാലത്തും സമീപപ്രദേശങ്ങളിലും സ്വകാര്യ ബസുകളിൽ കവർച്ച പതിവാകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ യാത്രക്കാരിൽ നിന്നു തട്ടിയെടുത്തത് പത്തര പവൻ തൂക്കമുള്ള ആഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയും രേഖകളും. പിടിച്ചുപറിക്കാരെ കണ്ടെത്താൻ ബസുകളിൽ നിരീക്ഷണം ഏർപ്പെടുത്താനാണു പൊലീസ് നീക്കം. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി രണ്ടിന് ഒറ്റപ്പാലത്തു നിന്നു ചോറോട്ടൂരിലേക്കുള്ള ബസിൽ യാത്ര ചെയ്തിരുന്ന തൃക്കങ്ങോട് സ്വദേശിയുടെ കൈവശമുണ്ടായിരുന്ന ഇരുപത്തി അയ്യായിരം രൂപയും എടിഎം കാർഡും അടങ്ങിയ പഴ്സാണ് കവർന്നത്. സ്വകാര്യ ബസിനുള്ളിലെ നിരീക്ഷണ ക്യാമറയിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും കേസ് തെളിയിക്കാനായിട്ടില്ല. ഏപ്രിൽ 18 ന് അമ്പലപ്പാറയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള ബസിൽ 2 സ്ത്രീകളാണു കവർച്ചയ്ക്ക് ഇരയായത്. 

അമ്പലപ്പാറ സ്വദേശിനികളായ ഇരുവരിൽ നിന്നുമായി കവർന്നത് ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയും 1500 രൂപയും 60,000 രൂപയുടെ ചെക്കും. കഴിഞ്ഞ 4 ന് ഒറ്റപ്പാലത്തേക്കുള്ള ബസിൽ യാത്ര ചെയ്തിരുന്ന ലക്കിടി സ്വദേശിനിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് ഒരു പവൻ തൂക്കമുള്ള വളയും 3000 രൂപയും മോഷ്ടിച്ചു. കഴിഞ്ഞ ദിവസം ലക്കിടി, പാലപ്പുറം എന്നിവിടങ്ങളിൽ നിന്നായി ഒറ്റപ്പാലത്തേക്കു ബസ് കയറിയ ‌രണ്ട് സ്ത്രീകളിൽ നിന്നായി എട്ട് പവൻ സ്വർണം കൈക്കലാക്കി. നാലര പവന്റെയും മൂന്നര പവന്റെയും മാലകളാണ് കവർന്നത്.

മോഷണം പെരുകിയ സാഹചര്യത്തിൽ ബസുകളിൽ നിരീക്ഷണം തുടങ്ങും. ബസുകളിൽ പൊലീസ് കയറി യാത്രക്കാർക്കു ജാഗ്രത നിർദേശം നൽകും. ബസ് ജീവനക്കാരും യാത്രക്കാരെ ഇക്കാര്യം ഓർമിപ്പിക്കും. യാത്രക്കാർ വിലപിടിപ്പുള്ള രേഖകൾ പ്രത്യേകം സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു.