മൂന്ന് മാസത്തോളം പഴക്കമുള്ള മൃതദേഹം, തലയും ശരീരഭാഗങ്ങളും വേറിട്ട നിലയിൽ

ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥികൂടം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മാത്തൂർ പഞ്ചായത്തിന്റെ സഹായത്തോടെ പാെലീസിന്റെ സാന്നിധ്യത്തിൽ പല്ലഞ്ചത്തനൂർ ശ്മശാനത്തിൽ സംസ്കരിച്ചു.   ആളെ തിരിച്ചറിയാനായി ശാസ്ത്രീയ പരിശോധനയ്ക്കായി തൃശൂർ ഫൊറൻസിക് ലാബിലേക്ക് അയച്ചു. മാത്തൂർ ചുങ്കമന്ദം കൂമൻകാട് നളിനിയുടെ വീട്ടിലാണ് മൂന്ന് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ മുറിയിൽ സാരിയിൽ കെട്ടിത്തൂങ്ങിയ വ്യക്തിയുടെ മൃതദേഹം തലയും ശരീരഭാഗങ്ങളും വേറിട്ട നിലയിലയിൽ നിലത്തുവീണിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ നളിയുടെ മൂത്തമകൻ ബൈജു വീട് വൃത്തിയാക്കാൻ ചെന്നൈയിൽനിന്നു നാട്ടിലെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. നളിനിയുടെ മറ്റൊരു മകൻ ഷൈജു സമീപത്തെ ഓമന എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. 2019 ഫെബ്രുവരി ഒൻപതിനായിരുന്നു സംഭവം.  റിമാൻഡ് പ്രതിയായ ഇയാൾ 2021 ജൂൺ 24ന് ജയിലിൽനിന്നു പുറത്തിറങ്ങിയിരുന്നു. ഷൈജുവിന്റേതാണു മൃതദേഹമെന്ന് സംശയമുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം.