അട്ടപ്പാടിയിൽ അഞ്ചിടങ്ങളിൽ കവർച്ച; സ്ഥാപനങ്ങളുടെ ചില്ല് തകർത്തു; അറസ്റ്റ്

പാലക്കാട് അട്ടപ്പാടിയില്‍ ഹോട്ടലിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ കവര്‍ച്ച. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ അഗളി സ്വദേശികളായ അഖില്‍, കൃഷ്ണന്‍ എന്നിവര്‍ അറസ്റ്റിലായി. പണം കവര്‍ന്നതിനൊപ്പം സ്ഥാപനങ്ങളുടെ ഗ്ലാസ് വാതില്‍ തകര്‍ക്കുകയും ചെയ്തു. 

ത്രിവേണി സൂപ്പർ മാർക്കറ്റ്, ജനകീയ ഹോട്ടൽ, ആധാരമെഴുത്ത് ഓഫിസ്, ബ്യൂട്ടിപാർലർ, ഇറച്ചിക്കട എന്നീ സ്ഥലങ്ങളിലാണ് കള്ളൻ കയറിയത്. ജനകീയ ഹോട്ടലിൽ നിന്ന് 150 ഉം ആധാരമെഴുത്താഫിസിൽ നിന്ന് 30 രൂപയും കവര്‍ന്നു. സ്ഥാപനങ്ങളുടെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. ത്രിവേണിയുടെ പൂട്ട് പൊളിച്ചും ജനകീയ ഹോട്ടലിന്റെ ഓട് പൊളിച്ചുമാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ആധാരമെഴുത്ത് ഓഫിസിലെ സിസിടിവി ദൃശ്യങ്ങളിലാണ് കള്ളന്‍മാരുടെ അഭ്യാസം പതിഞ്ഞത്. കൂടിയ അളവില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും കള്ളന്‍ കയറിയ ഇടങ്ങള്‍ പലതും പൂര്‍വസ്ഥിതിയിലാക്കാന്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അഖിലിനെയും കൃഷ്ണനെയും പൊലീസ് പിടികൂടിയത്. 

മദ്യലഹരിയില്‍ പറ്റിയ കൈയ്യബദ്ധമെന്നാണ് ഇരുവരുടെയും മൊഴി. അടുത്തിടെ അഗളിയിലും പരിസരത്തുമുണ്ടായ കവര്‍ച്ചയിലും സാമൂഹ്യവിരുദ്ധ ശല്യത്തിലും ഇരുവര്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.