ചെക്കിൽ കള്ള ഒപ്പ്; ലാഭ വിഹിതം ഉറപ്പ് നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്, ആഡംബരജീവിതം

ബിസിനസിൽ പങ്കാളിയാക്കി വൻ  ലാഭ വിഹിതം ഉറപ്പു നൽകി  പലരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത  നെടുമങ്ങാട് അരശുപറമ്പ് സ്വദേശി ജിതിൻ(31)  അറസ്റ്റിൽ.  പലരിൽ നിന്നായി ഒന്നര ലക്ഷം  മുതൽ 46 ലക്ഷം രൂപവരെയായി  41 പേരിൽ നിന്ന്  നാലു കോടിയോളം രുപ  തട്ടിയെടുത്തയായാണ് പ്രാഥമിക കണക്ക്.  കൂടുതൽ പേർ തട്ടിപ്പിന് ഇരയായതായാണ് ആദ്യ സൂചനകൾ.കഴിഞ്ഞ ദിവസം രാത്രി വട്ടപ്പാറയിലെ ഭാര്യ വീട്ടിൽ നിന്നാണ് പിടികൂടിയത്  2017 ൽ ആണ് തട്ടിപ്പിന് തുടക്കം. ആദ്യം പണം നൽകിയ പലർക്കും   18% വരെ പലിശ നൽകിയിരുന്നു.

ദുബായ്, സിംഗപ്പുർ, കൽക്കട്ട, ബാംഗ്ലൂർ, ബോംബൈ, ഡൽഹി എന്നിവിടങ്ങളിൽ തനിക്ക് ബിസിനസ് ഉണ്ടെന്നും അതിൽ നിക്ഷേപിക്കുന്നതിന്റെ ലാഭമാണ് മറ്റുള്ളർക്ക് നൽകുന്നത് എന്നുമാണ് നിക്ഷേപകരെ ധരിപ്പിച്ചത്, വിശ്വാസമാർജിച്ചതോടെ  പലരും വൻ തുക നിക്ഷേപിക്കാൻ ധൈര്യപ്പെട്ടു. പണം നൽകുന്നവർക്ക് ഉറപ്പിന് വീടിന്റെ ആധാരത്തിൽ ഉടമ്പടിയും  ചെക്കു ം നൽകുകയായിരുന്നു രീതി. ചെക്കിൽ  ഒപ്പ് തെറ്റിച്ച് ഇടുകയായിരുന്നു. വീടാകട്ടെ ബാങ്കിൽ വായ്പയ്ക്ക് ഈടു വച്ചതുമാണ്. 

പണം കിട്ടാതെ വന്നതോടെ ചെക്ക് മാറാനായി ബാങ്കിൽ നിക്ഷേപകർ എത്തിയപ്പൊഴാണ്  ഒപ്പ് തെറ്റാണ് എന്ന വിവരം അറിയുന്നത്. പിന്നീട്  ജിതിന്റെ  ഫോൺ ഓഫ് ആയി. ജിതിൻ കോടികൾ എവിടെ നിക്ഷേപിച്ചു എന്നതും കേരളത്തിന് പുറത്ത്  ബന്ധങ്ങൾ ഉണ്ടോ എന്നതും  സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.  പാലോട് സിഐ സി കെ മനോജിന്റെ നേതൃത്വത്തിൽ എട്ടംഗസംഘത്തെ അന്വേഷണം ഏൽപ്പിച്ചതായി  നെടുമങ്ങാട് എഎസ്‌പി രാജ് പ്രസാദ് അറിയിച്ചു. പണം ആഡംബര ജീവിതം നയിക്കാൻ ഉപയോഗിച്ചു എന്നാണ് ജിതിൻ പൊലീസിനു നൽകിയ മൊഴി.