ഗുണ്ടാ സ്റ്റൈലിൽ ആംബുലൻസ് ഡ്രൈവർമാർ; ഏറ്റുമുട്ടൽ; ആശുപത്രിക്ക് നാശനഷ്ടം

കൊട്ടാരക്കര സ്വകാര്യ ആശുപത്രി പരിസരത്ത് ആംബുലൻസ് ഡ്രൈവർമാർ ഗുണ്ടാ സ്റ്റൈലിൽ‌ ഏറ്റുമുട്ടി. കുത്തേറ്റ മൂന്നു ഡ്രൈവർമാരെ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.   വിളക്കുടി ചക്കുപാറ പ്ലാംകീഴിൽ ചരുവിള പുത്തൻവീട്ടിൽ  ഒ.വിഷ്ണു(27), അനുജൻ ഒ.വിനീത്(ശിവൻ–25) എന്നിവർ തിരുവനന്തപുരം‍ മെഡിക്കൽ കോളജ് ആശുപത്രിയിലും  കുന്നിക്കോട്  സ്വദേശി രാഹുൽ(26) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.   എതിർ സംഘാംഗം, കൊട്ടാരക്കരയിൽ വാടകയ്ക്കു താമസിക്കുന്ന വിളക്കുടി കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദീഖിനെ(36) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കേസുമായി ബന്ധപ്പെട്ട് കരിക്കോട് മുണ്ടോലിമുക്ക് മുണ്ടോലി താഴതിൽ വീട്ടിൽ സി.അഖിൽ (ചാലക്കുടി അഖിൽ–26), മൈലം പള്ളിക്കൽ ചെമ്പൻപൊയ്ക വിജയഭവനത്തിൽ എസ്. വിജയകുമാർ (24),കൊട്ടാരക്കര പുലമൺ ശ്രേയസ് ഭവനിൽ ജെ.ലിജിൻ (31), നെടുവത്തൂർ കുറുമ്പാലൂർ സരസ്വതിവിലാസത്തിൽ പി.സജയകുമാർ (സന്തോഷ്–28) എന്നിവരെ പൊലീസ് പിടികൂടി. മുഖ്യപ്രതികൾ ഒളിവിലാണ്. പ്രതികളെത്തിയ വാഹനങ്ങളും മാരകായുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ രാത്രി പതിനൊന്നോടെ കൊട്ടാരക്കര വിജയ ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. ആശുപത്രിക്കെട്ടിടത്തിന്റെ ചില്ലുകൾ ഇവർ അടിച്ചു തകർത്തു. നാശന‌ഷ്ടങ്ങൾ വരുത്തി.  വിളക്കുടിയിൽ  ഉച്ചയ്ക്കുണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണ് സംഭവം. ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. പരിഹരിക്കാനായി സിദ്ദീഖിനെ വിഷ്ണുവും വിനീതും വീട്ടിലേക്കു ക്ഷണിച്ചു.  സിദ്ദീഖ് ജ്യേഷ്ഠൻ ഹാരിസുമായി സ്ഥലത്തെത്തി. സംസാരത്തിനിടെയുണ്ടായ തർക്കത്തിൽ  വിഷ്ണുവും വിനീതും ചേർന്നു സിദ്ദീഖിനെ മർദിച്ചതായാണ് പരാതി. പരുക്കേറ്റ സിദ്ദീഖ് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ  ചികിത്സ തേടി.  

ഇതിനു ശേഷം, ഇരുസംഘത്തിലും ഉൾപ്പെട്ടവർ ഒത്തുതീർപ്പു ശ്രമം നടത്തി. ഒത്തുതീർപ്പിന്റെ ഭാഗമായി വിജയ ആശുപത്രി പരിസരത്തെത്തിയ വിഷ്ണുവിനെയും വിനീതിനെയും സിദ്ദീഖിന്റെ സംഘത്തിൽപെട്ടവർ കത്തിയും മാരകായുധങ്ങളുമായി ആക്രമിച്ചു. വിനീതിനു  കഴുത്തിൽ ആഴത്തിൽ കുത്തേറ്റു. വിഷ്ണുവിനും രാഹുലിനും കുത്തേറ്റു. കുത്തേറ്റ രാഹുൽ ആശുപത്രിയിലേക്ക് ഓടിക്കയറി. തുടർന്ന് ആശുപത്രിക്കുള്ളിൽ ഇരുകൂട്ടരും തമ്മിൽ സംഘട്ടനമായി. ഓപ്പറേഷൻ തിയറ്ററിലും പ്രസവ മുറിയിലും അതിക്രമം നടന്നു.

അക്രമിസംഘത്തിന്റെ ബൈക്കും കാറും ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്തം പുരണ്ട കത്തി ആശുപത്രി പരിസരത്തു നിന്നു പൊലീസ‌ിനു ലഭിച്ചു. സംഭവത്തിൽ പത്തു പ്രതികളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ആക്രമണത്തിൽ ആശുപത്രിക്ക് ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്. ആക്രമണത്തിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.