എ.ടി.എമ്മില്‍ അസാധാരണ ശബ്ദം; പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വിഡിയോ

തമിഴ്നാട് നാമക്കലില്‍ എ.ടി.എം മെഷീന്‍ പൊളിച്ചു അകത്തു കയറിയ ഒളിച്ച  കള്ളന്‍ പിടിയില്‍ . മോഷണത്തിനിടെ പൊലീസ് വരുന്നത് കണ്ടാണ് ബീഹാര്‍ സ്വദേശി െമഷീനുള്ളില്‍ ഒളിച്ചത്. മെഷിനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന ഇയാളെ  ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണു പുറത്തെത്തിച്ചത്.

നാമക്കല്‍ അനിയാപുരമെന്ന സ്ഥലത്തു പതിവ്  രാത്രികാല പരിശോധനയിലായിരുന്നു മോഹനൂര്‍ പൊലീസ്. റോഡരികിലെ ഇന്ത്യ നമ്പര്‍ വണ്‍ കമ്പനിയുടെ എ.ടി.എമ്മില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടു. അകത്തു കയറിയപ്പോള്‍ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. പക്ഷേ എ.ടി.എ ം മെഷീന് മുകളിലായി സ്ഥാപിച്ച ഷീറ്റ് അല്‍പം മാറികിടക്കുന്നത് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. ലൈറ്റെടിച്ചു  അകത്തേക്കു നോക്കിയ പൊലീസുകാര്‍ ഞെട്ടി. മെഷീനകത്ത് ഒരു യുവാവ് പതുങ്ങിയിരിക്കുന്നു.

പിടികൂടി ചോദ്യം ചെയ്തപ്പോഴാണു കവര്‍ച്ചയുടെ കഥ പുറത്തറിഞ്ഞത്. നാമക്കല്‍ പറളിയെന്ന സ്ഥലത്തെ കോഴിത്തീറ്റ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ ബീഹാര്‍ സ്വദേശി ഉപേന്ദ്ര റോയിയാണ്  കള്ളനെന്നു വ്യക്തമായി. എ.ടി.എമ്മിന്റെ മുന്‍ഭാഗം തുറക്കുയെന്നതു കടുപ്പമേറിയ ജോലിയാണ്. അക്കാരണത്താലാണു പിറകില്‍ തുരന്നത്. പിറകുവശം പൂര്‍ണമായി തകര്‍ത്തു നോട്ടുകള്‍ അടുക്കിവെയ്ക്കുകയായിരുന്നു പൊലീസെത്തുമ്പോള്‍ ഉപേന്ദ്ര റോയി. കൃത്യസമയത്തു പൊലീസ്  എത്തിയതിനാല്‍ പണം നഷ്ടമായില്ല.  2.65 ലക്ഷം രൂപയുണ്ടായിരുന്നു കവര്‍ച്ച നടക്കുന്ന സമയത്ത് എ.ടി.എമ്മില്‍.