വാഹനത്തില്‍ കെട്ടി വലിച്ചു; എടിഎം മെഷീന്‍ മുഴുവനായും കടത്തി; നടുങ്ങി തിരുപ്പൂർ

തമിഴ്നാട് തിരുപ്പൂരില്‍ എ. ടി. എം മെഷീന്‍ മുഴുവനായി കൊള്ളക്കാര്‍ കടത്തികൊണ്ടുപോയി. ബാങ്ക് ഓഫ് ബറോഡയുടെയ എ. ടി. എമ്മാണ് നഷ്ടമായത്. വാഹനത്തില്‍ കെട്ടി വലിച്ചാണ് എ. ടി. എം  പറിച്ചെടുത്തത്.

  

സമാനതകളില്ലാത്ത കവര്‍ച്ചയുടെ നടുക്കത്തിലാണു തിരുപ്പൂര്‍കാര്‍, സേലം –ഈറോഡ് ഹൈവേയില്‍ ഉത്തുകുളി  പെരിയപാളയത്താണു മോഷ്ടാക്കള്‍ എ. ടി എം മെഷീന്‍ കടത്തികൊണ്ടുപോയത്. ബാങ്ക് ഓഫ് ബറോഡയുടെ എ. ടി. എം കൗണ്ടറിന്റെ വാതിലുകള്‍ തകര്‍ത്ത നിലയില്‍ രാവിലെ അയല്‍വാസികള്‍ കണ്ടെത്തുകയായിരുന്നു.  പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ എ. ടി. എം മെഷീന് കാണാനില്ല. സി. സി. ടി. വി. ദൃശ്യങ്ങളില്‍ മുഖം മൂടി ധരിച്ച നാലുപേര്‍ കൗണ്ടറില്‍ കയറി മെഷീനില്‍ കയറു കെട്ടുന്നതു വ്യക്തമാണ്. തുടര്‍ന്നു കാറില്‍ കെട്ടിവച്ചാണ് മെഷീന്‍ പറിച്ചെടുത്തത്. തുടര്‍ന്ന് മെഷീന്‍ കടത്തികൊണ്ടുപോകുയയിരുന്നു. പൊലീസ് നടത്തിയ തിരച്ചില്‍  വിജയമംഗലം എന്ന സ്ഥലത്ത് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എ. ടി. എം കുത്തിപൊളിച്ചു ബാറ്ററികള്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് 15 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെന്നും പകുതിയിലധികം പണം എ ടി എമ്മില്‍ ഉണ്ടായിരിക്കാമെന്നുമാണു ബാങ്ക് അധികൃതര്‍ പറയുന്നത്. അതേ സമയം ദേശീയപാതയോരത്തെ എ ടി എമ്മില്‍ സുരക്ഷ ജീവനക്കാരെ നിയമിച്ചിരുന്നില്ല.