എടിഎം കാർഡ് വാങ്ങും, പണമെടുക്കാൻ ‘സഹായം’; തിരിച്ചു കൊടുക്കുന്നത് മറ്റൊരു കാർഡ്

പീരുമേട് : ‌എടിഎം ഉപയോഗിക്കാൻ അറിയാത്തവരെ കബളിപ്പിച്ചു കാർഡ് വാങ്ങിയെടുത്ത് പണം തട്ടുന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് ഉദയഗിരി കുന്നേൽ ഷിജുരാജിനെ (31) ആണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ടറുകളുടെ സമീപം പതിവായി കാണാറുള്ള ആളാണ് ഷിജുരാജെന്നും പണം പിൻവലിക്കാനെത്തുന്ന തോട്ടം തൊഴിലാളികളിൽ നിന്ന് കാർഡും പിൻ നമ്പറും വാങ്ങിയാണ് പ്രതി തട്ടിപ്പു നടത്തിയതെന്നും പൊലീസ് പറഞ്ഞു. പണം പിൻവലിക്കാൻ ഇയാൾ സഹായിക്കും.

തുടർന്നാണു തട്ടിപ്പ്. ഷിജുരാജ് തൊഴിലാളികൾക്കു തിരിച്ചുകൊടുക്കുന്നത് ഉപയോഗശൂന്യമായ കാർ‍ഡായിരിക്കും. അക്കൗണ്ട് ഉടമയുടെ യഥാർഥ കാർഡ് ഉപയോഗിച്ച് മുഴുവൻ തുകയും പിൻവലിക്കുകയും ചെയ്യും. ഏലപ്പാറ, പീരുമേട്, വണ്ടിപ്പെരിയാർ, മുണ്ടക്കയം പ്രദേശങ്ങളിൽ നിന്നായി 30 പേർക്ക് ഇത്തരത്തിൽ 2,000 മുതൽ 83,000 രൂപ വരെ നഷ്ടമായെന്ന് എസ്ഐ എസ്.അജേഷ് പറഞ്ഞു. ഏലപ്പാറ സ്വദേശി അഗസ്റ്റിന്റെ പരാതിയിലാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. ആർഭാട ജീവിതത്തിനു വേണ്ടിയാണു പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.